
ന്യൂയോർക്ക്: എഴുത്തുകാരി ഇ.ജീൻ കാരളിനെ മാനഭംഗപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 5 മില്യൺ ഡോളർ നൽകണമെന്ന് ഉത്തരവിട്ട ജൂറി വിധി ഫെഡറൽ അപ്പീൽ കോടതി ശരിവച്ചു. ലൈംഗികാതിക്രമത്തിന് 17 കോടി രൂപയും മാനനഷ്ടത്തിന് 25 കോടി രൂപയും നൽകണമെന്നാണ് കോടതി ഉത്തരവ്. മാൻഹാട്ടൻ യു.എസ് സർക്യൂട്ട് കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്. എൽ. മാസിക പംക്തിയെഴുത്തുകാരിയായിരുന്ന കാരൾ, 2019ലാണ് ട്രംപിനെതിരെ ആരോപണമുന്നയിച്ചത്. 1996ൽ മാൻഹട്ടൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ വെച്ച് കരോളിനെ ലൈംഗികമായി പീഡിപ്പിച്ചതായി ന്യൂയോർക്ക് ജൂറി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ഒമ്പത് ദിവസത്തെ വിചാരണയ്ക്ക് ശേഷം ട്രംപ് കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. ട്രംപിനെ പേടിച്ചാണ് ഇത്രയും വർഷം ഇക്കാര്യം പറയാതിരുന്നതെന്നും അവർ പറഞ്ഞിരുന്നു. ലൈംഗികാതിക്രമകേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴി കാരളിനും ജഡ്ജിക്കുമെതിരെ ട്രംപ് അധിക്ഷേപപരാമർശങ്ങൾ നടത്തിയിരുന്നു.