
വാഷിംഗ്ടൺ: ക്ലാസിക്കൽ ബാലെയ്ക്ക് നൂതന വ്യാഖ്യാനങ്ങൾ നൽകിയ ദക്ഷിണാഫ്രിക്കൻ നർത്തകി ദാദാ മസിലോ (39) അന്തരിച്ചു. രോഗബാധിതയായിരുന്നെന്നും ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യമെന്നും കുടുംബം അറിയിച്ചു. 1985 ഫെബ്രുവരി 21ന് ദക്ഷിണാഫ്രിക്കയിലെ സോവെറ്റോയിൽ ജനിച്ച മസിലോ
11ാം വയസിൽ നെതർലൻഡ്‌സിലെ ബിയാട്രിക്സ് രാജ്ഞിക്ക് മുന്നിൽ നൃത്തം ചെയ്യാൻ അവസരം ലഭിച്ചത്തോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
തുടർന്ന് 2002ൽ ബ്രാംഫോണ്ടെയ്ന്റെ നാഷണൽ സ്കൂൾ ഫോർ ദി ആർട്ടസിൽ ചേർന്ന മസിലോയെ അന്നത്തെ ഡാൻസ് ഫാക്ടറി സ്കൂളിന്റെ ഡയറക്ടറായിരുന്ന സുസെറ്റ് ലെ സ്യൂറിന്റ് പ്രൊഫഷണൽ നൃത്തത്തിലെത്തിച്ചു. ക്ലാസിക്കൽ ബാലെയും സമകാലീന നൃത്തവും അഫ്രിക്കൻ നൃത്തച്ചുവടുകളുമായി സംയോജിപ്പിച്ചാണ് അവതരിപ്പിച്ചിരുന്നത്. "സ്വാൻ ലെയ്ക്ക്", "ജിസെല്ലെ" തുടങ്ങിയ ബാലെ ക്ലാസിക്കുകളുടെ പുനരാവിഷ്കാരത്തിലൂടെയാണ് അറിയപ്പെടുന്നത്.