kaloor-incident

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിൽ സ്റ്റേജിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അഞ്ചുപേരെ പൊലീസ് പ്രതി ചേർത്തു. മൃദംഗതാളം സിഇഒ നിഗോഷ് കുമാറാണ് കേസിൽ ഒന്നാം പ്രതി. ഷമീർ, ജനീഷ്, കൃഷ്‌ണകുമാർ, ബെന്നി എന്നിവരാണ് രണ്ട് മുതൽ അഞ്ചുവരെ പ്രതികൾ. സംഭവത്തിൽ അറസ്‌റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രതിപ്പട്ടികയുള്ളത്.

അതേസമയം അറസ്റ്റിലായ ഷമീർ, ബെന്നി, കൃഷ്‌ണകുമാർ എന്നിവർക്ക് മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പ്രകാരം അശാസ്‌ത്രീയമായാണ് വേദി നിർമ്മാണം. സിമന്റ് കട്ടകൾ വച്ചാണ് കോൺക്രീറ്റ് വേദി ഉറപ്പിച്ചത്. സ്റ്റേജിലുള്ളവർക്ക് അപകടം കൂടാതെ നടക്കാൻ പറ്റാത്ത തരത്തിലാണ് കസേര ക്രമീകരിച്ചത്. കോർപറേഷനിൽ നിന്നടക്കം കൃത്യമായി അനുമതി വാങ്ങാതെയാണ് താൽക്കാലിക സ്‌റ്റേജ് നിർമ്മിച്ചത്. ഫയർഫോഴ്‌സിൽ നിന്നുള്ള നിയമപരമായ അനുമതിയും ലഭിച്ചില്ല.

പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകിയെങ്കിലും സംഘാടകർ താത്കാലിക നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ടോ ഇതിനെല്ലാം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ സ്റ്റേഡിയത്തിന്റെ ചുമതലക്കാരായ ജിസിഡിഎ പരിശോധിച്ചില്ല. സ്റ്റേഡിയത്തിൽ താത്കാലിക സ്റ്റേജ് നിർമ്മിക്കാൻ അനുമതി നൽകിയിരുന്നില്ല. എല്ലാ സുരക്ഷാകാര്യങ്ങളും ചെയ്യണമെന്ന് കരാറിൽ ഉണ്ടായിരുന്നെങ്കിലും പലതും ലംഘിക്കപ്പെട്ടു.