
ഹൈദരാബാദ്: ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്‌റ്റേഡിയത്തിൽ നിന്നും കേരളത്തിന് കണ്ണീർ മടക്കം. ഇഞ്ചുറി ടൈമിൽ കേരള ഫുട്‌ബോൾ ആരാധകരുടെ നെഞ്ച് തകർത്ത് റോബി ഹൻസ നേടിയ നിർണായക ഗോളിൽ 1-0ന് സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിന് വിജയം. 78-ാം തവണ നടക്കുന്ന സന്തോഷ് ട്രോഫിയിൽ 47 തവണ ബംഗാൾ ഫൈനലിലെത്തി. ഇന്നത്തേത് 33-ാമത് വിജയമാണ്.
ഫസ്‌റ്റ് ഹാഫും സെക്കന്റ് ഹാഫും നിശ്ചിത സമയത്ത് ഇരുടീമും ഗോൾ നേടാതെയിരുന്നതോടെ മത്സരം ഇഞ്ചുറി ടൈമിലേക്ക് നീളുകയായിരുന്നു. ബംഗാളിനെ ഫൈനലിലെത്തിക്കാൻ മികച്ച ഗെയിം പുറത്തെടുത്ത ഒൻപതാം നമ്പർ താരമായ റോബി ഹൻസ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. 16 ഫൈനലുകൾ കളിച്ചിട്ടുള്ള കേരളത്തിന് ഇതടക്കം ഒൻപത് തോൽവികളായി സന്തോഷ് ട്രോഫിയിൽ. 2018ലും 2021ലും കേരളം ബംഗാളിനെ ഫൈനലിൽ തകർത്തിരുന്നു. 2018ൽ 4-2നും 2021ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 5-4ന് ഷൂട്ടൗട്ട് ജയവുമാണ് കേരളം നേടിയത്.