
തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളടക്കം ഇരുപത് എസ്.പിമാരെ മാറ്റി പൊലീസിൽ വൻ അഴിച്ചുപണി. കൊച്ചി സിറ്റിയിൽ ക്രമസമാധാനം, ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറായ കെ.എസ് സുദർശനെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായണനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാക്കി. ഗവർണറുടെ എ.ഡി.സിയായിരുന്ന അരുൾ ആർ.ബി കൃഷ്ണയെ റെയിൽവേ പൊലീസ് സൂപ്രണ്ടാക്കി.
കോസ്റ്റൽ പൊലീസ് എ.ഐ.ജിയായ ജി.പൂങ്കുഴലിയെ എ.ഐ.ജി (പേഴ്സണൽ) തസ്തികയിലേക്ക് മാറ്റി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസാ ജോണിനെ കോസ്റ്റൽ പൊലീസ് എ.ഐ.ജിയാക്കി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മയെ പൗരാവകാശ ചുമതലയുള്ള സൂപ്രണ്ടാക്കി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിനെ വി.ഐ.പി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മിഷണറാക്കി. സായുധ ബറ്റാലിയൻ കമൻഡാന്റിന്റെയും ഡി.ഐ.ജിയുടെയും അധിക ചുമതലയുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിനെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയാക്കി.
ടെക്നിക്കൽ ഇന്റലിജൻസ് എസ്.പി അങ്കിത് അശോകനെ സൈബർ ഓപ്പറേഷൻസ് സൂപ്രണ്ടാക്കി. ക്രൈംബ്രാഞ്ച് എക്കണോമിക് ഒഫൻസ് വിംഗ് സൂപ്രണ്ട് കെ.ഇ.ബൈജുവിനെ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയാക്കി.
എസ്.എ.പി കമൻഡാന്റ് അബ്ദുൾ റാഷിയെ എക്കണോമിക് ഒഫൻസ് വിംഗ് തിരുവനന്തപുരം റേഞ്ച് എസ്.പിയാക്കി. വനിതാ ബറ്റാലിയൻ കമൻഡാന്റ് കെ.മുഹമ്മദ് ഷാഫിയെ എക്കണോമിക് ഒഫൻസ് വിംഗ് എറണാകുളം റേഞ്ച് എസ്.പിയാക്കി. റെയിൽവേ പൊലീസ് സൂപ്രണ്ട് ബി.കൃഷ്ണകുമാറിനെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി.
പി.നിതിൻരാജ് കണ്ണൂർ സിറ്റിയിൽ
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി പി.നിതിൻരാജിനെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറാക്കി. ടെലികോം എസ്.പി എസ്.ആർ ജ്യോതിഷ് കുമാറിനെ വിജിലൻസ് ആസ്ഥാനത്ത് എസ്.പിയാക്കി. അഞ്ചാം സായുധ ബറ്റാലിയൻ കമൻഡാന്റ് വി.ഡി വിജയനെ ടെലികോം എസ്.പിയാക്കി. അശ്വതി ജിജിയെ സ്ഥാനക്കയറ്റത്തോടെ കൊച്ചി ഡെപ്യൂട്ടി കമ്മിഷണറാക്കി. കെ.എസ്. ഷഹൻഷായെ എസ്.എ.പി കമൻഡാന്റാക്കി. ഇരിട്ടി എ.എസ്.പി യോഗേഷിനെ വനിതാ ബറ്റാലിയൻ കമൻഡാന്റാക്കി. സ്ഥാനക്കയറ്റത്തോടെ മോഹിത് റാവത്തിനെ അഞ്ചാം സായുധ ബറ്റാലിയൻ കമൻഡാന്റാക്കി.