
കൊച്ചി: ശബരിമല ദർശനത്തിന് എരുമേലിയിൽ നിന്നുള്ള പരമ്പരാഗത പാതയിലൂടെ (പെരിയ പാത) വരുന്നവർക്ക് ദിവസം 5,000 സ്പെഷ്യൽ പാസേ നൽകാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. വരി നിൽക്കാതെ പതിനെട്ടാംപടി കയറാൻ നൽകുന്ന പാസ് നിയന്ത്രിക്കാനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.
പരമ്പരാഗത പാതയിലൂടെ കൂടുതൽപ്പേർ പാസുമായി വരുന്നത് തിരക്ക് നിയന്ത്രിക്കാൻ തടസമാണെന്നും, നടപ്പന്തലിൽ നിൽക്കുന്നവരുടെ എതിർപ്പിനിടയാക്കിയെന്നും സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.
എരുമേലിയിൽ നിന്ന് അഴുതക്കടവ്, മുക്കുഴി, ചെറിയാനവട്ടം വഴി 32 കിലോമീറ്റർ കാൽനടയായി എത്തുന്നത് കണക്കിലെടുത്താണ് ഫെസിലിറ്റേഷൻ കാർഡ് നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അഞ്ചിരട്ടിയോളം ഭക്തരാണ് സ്‌പെഷ്യൽ പാസുമായി എത്തിയത്.
തിരക്ക് നിയന്ത്രിക്കുന്നതിന് തടസമായാൽ ഈ സൗകര്യം പിൻവലിക്കുന്നതു പരിഗണിക്കാനും പ്രത്യേക സിറ്റിംഗ് നടത്തിയ ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിലെ സ്പോട്ട് ബുക്കിംഗിലും നിയന്ത്രണം ഏർപ്പെടുത്താം. ഇക്കാര്യം ഭക്തരെ അറിയിക്കാൻ അനൗൺമെന്റടക്കം ചെയ്യണം. മകര വിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഇതുസംബന്ധിച്ച് ചീഫ് പൊലീസ് കോഓർഡിനേറ്ററും കോട്ടയം, ഇടുക്കി, പത്തനംതിട്ട കളക്ടർമാരും 6ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.