
തിരുവനന്തപുരം: പൂത്തിരി വർണം വിരിച്ചും പടക്കങ്ങൾ പൊട്ടിച്ചും നാട് പുതുവർഷത്തെ വരവേറ്റു. തലസ്ഥാനത്ത് വിദേശികൾ ഉൾപ്പെടെയുള്ളവർ കോവളത്തെ ഹോട്ടലുകളിൽ നിന്നുയർന്ന സംഗീതത്തിനൊപ്പം തീരത്ത് ആടിയും പാടിയുമാണ് പുതുവർഷം ആഘോഷമാക്കിയത്. കൊഴുപ്പേകാൻ ക്ലാസിക് ഡാൻസുകൾ, തെയ്യം, ചെണ്ടമേളം എന്നിവ ഉൾപ്പെടെ ഡി.ജെ പാർട്ടികളും ഉണ്ടായിരുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ കൂടുതലായിരുന്നു.
കോവളത്തെ ഭക്ഷണശാലകളും ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. സർക്കാർതല ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും ഹോട്ടലുകളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. ലൈഫ് ഗാർഡുകൾ സഞ്ചാരികളെ നിയന്ത്രിക്കാൻ കഷ്ടപ്പെട്ടു. വൈകിട്ട് 6.45ഓടെ കടലിൽ കുളിച്ചിരുന്നവരെയെല്ലാം കരയിലേക്ക് കയറ്റി. മഫ്തിയിൽ ഉൾപ്പെടെ പൊലീസുകാർ തീരത്തുണ്ടായിരുന്നു. ആഹ്ളാദം നീണ്ടതോടെ യുവാക്കളുടെ സംഘങ്ങളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. 12ഓടെ പാശ്ചാത്ത്യ സംഗീതത്തിന്റെ പിന്നാമ്പുറത്തിൽ പൂത്തിരികൾ മാനംമുട്ടെ വർണ്ണം വിതറി. അമിട്ടുകൾ പൊട്ടിച്ചിതറി ഏവരും ഹാപ്പി ന്യൂ ഇയറെന്ന് ആർത്തുവിളിച്ചു.
മൈക്ക് പോയിന്റിൽ വിദ്യാർത്ഥികൾ
സിറ്റി പൊലീസ് കമ്മിഷണറുടെ സുരക്ഷാ മുന്നറിയിപ്പ് വിവിധ ഭാഷകളിൽ നൽകിയത് കോളേജ് വിദ്യാർത്ഥികളായിരുന്നു. ഇംഗ്ലീഷും മലയാളത്തിലും ഒരേ സമയം ഇവർ മൈക്കിലൂടെ സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. ഹിന്ദിയിൽ നൽകിയത് ഹോംഗാർഡായിരുന്നു.