
പൊന്നാനി : ചമ്രവട്ടം പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തകർന്ന് കനത്ത പൊടി ശല്യം മൂലം പൊറുതിമുട്ടുകയാണ് നരിപ്പറമ്പിലെ ജനങ്ങൾ. ചമ്രവട്ടം പാലത്തിന്റെ ആരംഭം നരിപ്പറമ്പിലായതിനാൽ നിത്യേന ഒരുപാട് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. കോഴിക്കോട്-എറണാകുളം പാതയിലെ പ്രധാന കേന്ദ്രമാണ് നരിപ്പറമ്പ്. കുറ്റിപ്പുറം, തിരൂർ, എടപ്പാൾ, പൊന്നാനി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാവുന്ന സ്ഥലമായതിനാൽ ദീർഘദൂര യാത്രക്കാരും ഇത് വഴി നിത്യേന യാത്ര ചെയ്യുന്നുണ്ട്. എന്നാൽ യാത്രക്കാരെയും വ്യാപാരികളെയും എല്ലാം ഒരുപോലെ വലയ്ക്കുന്ന രീതിയിലാണ് ഇവിടെ പൊടിശല്യം.
ഈയടുത്ത് നരിപ്പറമ്പ് മുതൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ വരെയുള്ള പാത ടാറിംഗ് നടത്തിയിരുന്നു . എന്നാൽ പാലത്തിൽ നിന്നും പൊന്നാനി, എടപ്പാൾ ഭാഗങ്ങളിലേക്ക് പോകുന്ന ഭാഗം അധികാരികൾ ഒഴിവാക്കി.
നിലവിൽ നരിപ്പറമ്പ് നിന്നും ഹൈവേയിലേക്ക് പോകുന്ന പാതയും നാളുകളായി തകർന്ന് കിടപ്പാണ് . ഇവിടെയും കനത്ത പൊടിശല്യമുണ്ട്. പ്രായമായവരും രോഗികളുമാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ടുന്നത്. രാത്രി സമയങ്ങളിൽ മത്സ്യ വിൽപ്പന വലിയ രീതിയിൽ നടക്കുന്ന നരിപ്പറമ്പിൽ പൊന്നാനി, തവനൂർ, എടപ്പാൾ ഭാഗങ്ങളിൽ നിന്ന് ഒരുപാട് പേർ ദിവസവും എത്താറുണ്ട്. രാത്രി സമയങ്ങളിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.
ഇപ്പുറത്തും അങ്ങനെത്തന്നെ
ചമ്രവട്ടം പാലത്തിന്റെ മറുവശത്തും റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഇടയ്ക്ക് എപ്പോഴെങ്കിലും ക്വാറി വേസ്റ്റ് നിക്ഷേപിക്കുക മാത്രമാണ് ചെയ്യാറ്.
ഇത് പൊടിശല്യം കൂട്ടാൻ മാത്രമാണ് ഉപകരിക്കുന്നത്.
റോഡിൽ പൊന്തി നിൽക്കുന്ന കരിങ്കൽ കഷ്ണങ്ങളിൽ തട്ടി ഇരുചക്ര വാഹനയാത്രക്കാർക്കും യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ട്.
രാത്രിയായാൽ പാലത്തിന്റെ ഇരുഭാഗത്തും നടക്കുന്ന തെരുവുകച്ചവടങ്ങളും യാത്രക്കാരെ ചെറിയ തോതിലല്ല ബുദ്ധിമുട്ടിക്കുന്നത്.