s

കാളികാവ് : അശാസ്ത്രീയമായ പൈപ്പിടൽ കാരണം മലയോര ഹൈവേ നിർമ്മാണം തടസ്സപ്പെട്ടു. വാട്ടർ അതോറിട്ടി രാത്രിയുടെ മറവിൽ റോഡിൽ പൈപ്പിട്ടു തടിയെടുത്തതാണ് നിർമ്മാണത്തിന് വിനയായത്.
കാളികാവ് ജംഗ്ഷനിലാണ് സംഭവം. മലയോര ഹൈവേ നിർമ്മാണം വൈകുന്നത് മൂലം കടുത്ത ദുരിതമനുഭവിക്കുന്ന കാളികാവിലെ വ്യാപാരികൾക്കും നാട്ടുകാർക്കും വീണ്ടും ദുരിതം ഇരട്ടിയായി.പൈപ്പുകൾ റോഡിനു പുറത്ത് സ്ഥാപിക്കണമെന്ന നിബന്ധന കണക്കിലെടുക്കാതെ ജലജീവൻ പദ്ധതിക്കുവേണ്ടി വാട്ടർ അതോറിട്ടി പൈപ്പിട്ടത് ഒമ്പത് മീറ്റർ വീതിയുള്ള റോഡിനുള്ളിലാണ്. ഇതാണ് വിനയായത്. പൈപ്പിട്ട ഭാഗങ്ങളിൽ ക്വോറിവേസ്റ്റ്, മണൽ എന്നിവ നിറയ്ക്കുന്നതിന് പകരം
മണ്ണ് നിറച്ചാണ് ചാല് മൂടിയത്. ഇതാണ് ഹൈവേ നിർമ്മാണത്തിന് നിലവിൽ തടസ്സമായത്. അങ്ങാടികളിൽ ഡ്രൈനേജിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ കോൺക്രീറ്റ് ഡക്ടിലോ അല്ലെങ്കിൽ ഡ്രൈനേജിന് പുറത്തോ ആണ് പൈപ്പിടേണ്ടത്.
എന്നാൽ കാളികാവ് ജംഗ്ഷനിൽ റോഡിലൂടെയാണ് പൈപ്പിട്ടത്. ഇത് റോഡ് പൊളിയാൻ ഇടയാക്കുമെന്നാണ് റോഡ് കരാറെടുത്ത കമ്പനി പറയുന്നത്. റോഡിന്റെ ഒമ്പത് മീറ്ററിൽ വീതി കുറച്ച് എട്ടു മീറ്ററിലാണ് ഇപ്പോൾ റോഡ് നിർമ്മാണം നടക്കുന്നത്.
കെ.ആർ.എഫ്.ബി ഫണ്ടുപയോഗിച്ചാണ് റോഡു നിർമ്മാണം നടക്കുന്നത്. റോഡ് കരാർ ഏറ്റെടുത്ത കമ്പനിക്കുവേണ്ടി കാളികാവ് ജംഗ്ഷനിൽ മുൻകൂറായി പൈപ്പിടുകയാണ് വാട്ടർ അതോറിട്ടി ചെയ്തത്.
ഇവിടെ ക്വാറി വേസ്റ്റിട്ട് ബലപ്പെടുത്തേണ്ടത് റോഡ് കരാറെടുത്ത കമ്പനിയാണ് ചെയ്യേണ്ടതെന്നാണ് വാട്ടർ അതോറിട്ടിയുടെ നിലപാട്.കമ്പനിയും വാട്ടർ അതോറിട്ടിയും പരസ്പരം പഴി ചാരി നിർമ്മാണം തടസ്സപ്പെട്ട അവസ്ഥയാണ്.