 
മലപ്പുറം: കാടാമ്പുഴ മുനമ്പം മാൻകുളങ്ങര വിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച പ്രദക്ഷിണ വഴിയുടെയും തിരുമുറ്റത്തിന്റെയും സമർപ്പണം ക്ഷേത്രം തന്ത്രി കരിയന്നൂർ അനിയൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ദീപാരാധന,നിറമാല , ചുറ്റുവിളക്ക്, കർപ്പൂരാട്ടം തുടങ്ങിയ വിശേഷാൽ ചടങ്ങുകളും നടന്നു. ക്ഷേത്രകമ്മിറ്റിക്ക് കീഴിലെ നാദകേളീ വിദ്യാപീഠത്തിൽ നിന്ന് കോട്ടക്കൽ വിനീഷിന്റെ ശിക്ഷണത്തിൽ പഞ്ചാരി മേളം അഭ്യസിച്ച 18 പേരുടെ അരങ്ങേറ്റം ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു.
അരങ്ങേറ്റ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ഡോ.ശുകപുരം ദിലീപ് നിർവ്വഹിച്ചു. വി മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കൽ ഉണ്ണിക്കൃഷ്ണമാരാർ, ശുകപുരം രഞ്ജിത്ത് ,ശേഖര വാര്യർ എന്നിവർ സംസാരിച്ചു. കെ പ്രദീപ് കുമാർ സ്വാഗതവും ക്ഷേത്ര കമ്മിറ്റി ട്രഷറർ ജയപ്രകാശ് നന്ദിയും പറഞ്ഞു. പ്രസിഡന്റ് കെ. മനോജ്, സെക്രട്ടറി ടി. സുരേഷ്, ടി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.