d

പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തിന് തുടക്കമായി. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാവും. പ്രവൃത്തി പൂർത്തിയായാൽ പ്രദേശത്തെ ഗതാഗതക്കുരുക്കിന് ഏറെക്കുറെ പരിഹാരമാവും. എറണാകുളത്തേക്കും കോഴിക്കോട്ടേക്കുമടക്കം നിരവധി യാത്രക്കാർ യാത്ര ചെയ്യുന്നത് ഇതുവഴിയാണ്. ഇവർക്കെല്ലാം ഗതാഗതക്കുരുക്ക് തലവേദനയായിരുന്നു.

ഇരട്ടപാതയുള്ള റെയിൽവേ ലൈനിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന തീവണ്ടികൾക്കിടയിൽ കിട്ടുന്ന ചുരുക്കം വരുന്ന സമയങ്ങളിൽ മാത്രമേ ഗേറ്റ് തുറക്കാനാകൂ . ബാക്കിയുള്ള സമയങ്ങളിലൊക്കെയും ഗേറ്റ് അടഞ്ഞു കിടക്കും. ഫലമോ കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയും ഗതാഗത തടസവും .

2021 ഫെബ്രുവരി 26ന് ഔദ്യോഗിക നിർമ്മാണോദ്ഘാടനം. വെള്ളിയാഴ്ച ഭൂമിപൂജയ്ക്ക് ശേഷം പൈലിംഗ് പ്രവൃത്തി ആരംഭിച്ചു .സീനിയർ സെക്ഷൻ എൻജിനീയർ മനോഹരൻ ,കേന്ദ്ര റെയിൽവേ വകുപ്പ് ഉടമസ്ഥതയിലുള്ള റൈറ്റ് കൺസൾട്ടന്റ്സ് ലിമിറ്റഡ് മാനേജർ പീറ്റർ രാജ് , പ്രൊജക്ട് മാനേജർ രാമസുബ്രഹ്മണ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു . ക്വാളിറ്റി കൺട്രോളർ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ മിശ്രിതം പരിശോധന നടത്തി .

12 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനമെന്ന് കരാർ കമ്പനി പ്രൊജക്ട് മാനേജർ രാമസുബ്രഹ്മണ്യൻ പറഞ്ഞു