 
മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മുട്ടിപ്പടിയിലുള്ള അഞ്ചീനിക്കുളം സൗന്ദര്യവൽക്കരിക്കാനുള്ള നവീകരണ പ്രവർത്തനങ്ങൾ നിലച്ചിട്ട് ഒന്നര വർഷം. നിരവധി പേർ നീന്തലിന് ആശ്രയിച്ചിരുന്ന ഇവിടെ ഭിത്തി കെട്ടാനായി ഇറക്കിയ വലിയ കരിങ്കല്ലുകളിൽ പലതും കുളത്തിലുളളതിനാൽ നീന്തലിനും യോഗ്യമല്ല. നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ മൂന്ന് കോടി രൂപയാണ് അനുവദിച്ചിരുന്നത്. കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് പണി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ നിർമ്മാണ ചുമതലയുണ്ടായിരുന്ന സിഡ്‌കോയോട് നിർദേശിച്ചത്.
ദേശീയപാതയുടെ കീഴിലുള്ള സ്ഥലത്താണ് പ്രവൃത്തികൾ നടക്കുന്നതെന്നും ദേശീയപാതാ വിഭാഗം എൻ.ഒ.സി നൽകിയിട്ടില്ലെന്നും അറിയിച്ച് ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കഴിഞ്ഞ വർഷം മേയ് 22ന് നഗരസഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു. തുടർന്ന്, സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപ്പറേഷന് പരാതി നൽകി. നഗരസഭാ അധികൃതർ ഏറനാട് തഹസിൽദാർക്കും ദേശീയപാതാ വിഭാഗത്തിനും അഞ്ചീനിക്കുളത്തിന്റെ അതിരുകൾ നിർണയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല.
കുളത്തിന് ചുറ്റുമുണ്ടായിരുന്ന ചീനി മരങ്ങൾ സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയിരുന്നു. കുളത്തിന്റെ വശങ്ങളിലൂടെയുള്ള ഡ്രൈനേജ് നിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്. കുളത്തിന്റെ ആഴം വർദ്ധിപ്പിച്ച് വശങ്ങളിൽ ഭിത്തി കെട്ടി സിമന്റ് പ്ലാസ്റ്ററിംഗ് ഏതാണ്ട് പൂർത്തിയാക്കിയിരുന്നു.
പദ്ധതി ഇങ്ങനെ
അലങ്കാര വിളക്കുകൾ സ്ഥാപിച്ചും ചെടികൾ നട്ടുപിടിപ്പിച്ചും കുളത്തിന്റെ ഓരം മോടി കൂട്ടും.
അഞ്ചീനിക്കുളവും കുളത്തിനോട് ചേർന്നുള്ള വലിയ തോടിന്റെ ഇരുവശവും സംരക്ഷണ ഭിത്തികെട്ടി സ്ഥലം നിരപ്പാക്കും.
നടപ്പാതയും ശൗചാലയവും ഇരിപ്പിട സൗകര്യങ്ങളും ഒരുക്കും.
കൂടാതെ, കുട്ടികൾക്കായി പാർക്ക്, കോഫി ഷോപ്പ്, ഓപ്പൺ ജിം എന്നിവയും നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
നിരവധി കുട്ടികളായിരുന്നു അഞ്ചീനിക്കുളത്തിലേക്ക് നീന്തൽ പരിശീലനത്തിനായി എത്തിയിരുന്നത്. എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥരടക്കം ട്രെയിനിംഗിന് ഇവിടെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. മലപ്പുറം നഗരസഭയുടെ കേരളോത്സവം അഞ്ചീനിക്കുളത്തിലാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ പുത്തനത്താണിയിലെ സ്വകാര്യ കുളത്തിൽ പണമടച്ച് നടത്തേണ്ട അവസ്ഥയാണ്.
സി.കെ.ഷിഹാർ, അഞ്ചീനിക്കുളം സംരക്ഷണ സമിതി കൺവീനർ