മലപ്പുറം: ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ എത്തുന്നവർ ഇനി നിരാശയോടെ മടങ്ങേണ്ട. മലപ്പുറം നഗരത്തിലെ സപ്ലൈകോ ഔട്ട്ലെറ്റിൽ 13 ഇന സബ്സിഡി ഇനങ്ങളിൽ മല്ലി, വെളിച്ചെണ്ണ ഒഴികെ ബാക്കിയെല്ലാം സ്‌റ്റോക്കുണ്ട്. നവംബർ അവസാനത്തോടെ തീർന്ന മല്ലി ഇന്നോ നാളെയോ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സപ്ലൈകോ അധികൃതർ പറയുന്നു. വെളിച്ചെണ്ണയൊഴികെ ബാക്കിയെല്ലാം തീരുന്ന മുറയ്ക്ക് എത്തുന്ന സ്ഥിതിയാണ്. എന്നാൽ, വെളിച്ചെണ്ണ എത്തിയിട്ട് രണ്ട് മാസമായി,ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, പച്ചരി, കുറുവ, ജയ, മട്ട, വെളിച്ചെണ്ണ എന്നിവയാണ് സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വിതരണത്തിനെത്തുന്നത്. 10 കിലോ അരി അഞ്ച് കിലോ വീതം മാസത്തിൽ രണ്ട് തവണയായാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. പയർ വർഗങ്ങളും പഞ്ചസാരയും ഒരു കിലോ വീതവും മല്ലിയും പരിപ്പും അരക്കിലോ വീതവുമാണ് വിതരണം ചെയ്യാറുള്ളത്.

അഞ്ച് ലക്ഷം വർദ്ധനവ്

ഓണത്തിന് മുമ്പ്‌ വരെ സപ്ലൈകോയുടെ ഒരു മാസത്തെ വരുമാനം ഏകദേശം അഞ്ച് ലക്ഷം രൂപയായിരുന്നു. എന്നാൽ, നിലവിൽ ഏകദേശം 11 ലക്ഷമാണ് ലഭിക്കുന്നത്.

ഇത്തവണയുണ്ട് ക്രിസ്മസ് ചന്ത

ഇത്തവണ ജില്ലയിൽ ക്രിസ്മസ് ചന്ത സംഘടിപ്പിക്കുമെന്ന് അധികൃതർ പറയുന്നു. മലപ്പുറം നഗരത്തിലെ സപ്ലൈകോ ഔട്ട്ലെറ്റിൽ തന്നെ ക്രിസ്കമസ് ചന്ത ഒരുക്കാനാണ് ഏകദേശ ധാരണയായിട്ടുള്ളത്.

സബ്സിഡി സാധനങ്ങൾ എത്താത്തതിനാൽ കഴിഞ്ഞ വർഷം ജില്ലയിൽ എവിടെയും ക്രിസ്മസ് ചന്തകൾ ഉണ്ടായിരുന്നില്ല. തിയതി സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.

ഓണത്തിന് സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിൽ 11 ഓണച്ചന്തകൾ ഒരുക്കിയിരുന്നു.

നിലവിൽ സപ്ലൈകായിൽ എത്തുന്നവർക്കെല്ലാം സാധനങ്ങൾ നൽകാനാവുന്ന സ്ഥിതിയാണ്. വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ സബ്സിഡി സാധനങ്ങളുംഎത്തുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.

പി.ധന്യ, മലപ്പുറം സപ്ലൈകോ സ്റ്റോക്ക് മാനേജർ