 
വാഴക്കാട് : വാഴക്കാട് വില്ലേജിൽ ആക്കോട് പട്ടേൽ ഭാഗത്ത് നാട്ടുകാർക്ക് ഭീഷണിയായി കരിങ്കൽ ക്വാറി. ക്വാറിയിലെ ഉഗ്രസ്ഫോടനം കാരണം തൊട്ടടുത്ത സ്ഥലങ്ങളിലെയും മലയുടെ മറുഭാഗത്തെയും വീടുകളിൽ വിള്ളലുകൾ അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു.
നൂറിൽപരം ടിപ്പറുകളാണ് ഇവിടെ നിന്ന് അമിതഭാരം കയറ്റി പോകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്ത് വണ്ടികൾ ചീറിപ്പായുന്നത് ഭീഷണിയാണ്. കാൽനടയാത്രക്കാർക്കും ചെറിയ വാഹനങ്ങൾക്കും ഇവ അപകടഭീഷണിയുയർത്തുന്നുണ്ട്. ക്വാറികളിലേക്കെത്തുന്ന വാഹനങ്ങളിലെ ചിലർ നാട്ടുകാരോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് ആരോപണമുണ്ട്.
ജില്ലയിൽ മഴക്കാല മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനമേർപ്പെടുത്തിയത് നാട്ടുകാർക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ട്.
നിലവിൽ ക്വാറിയുടെ പരിസ്ഥിതി ക്ളിയറൻസിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ രേഖകൾ പഞ്ചായത്തിൽ ഹാജരാക്കിയിട്ടില്ല.
റഫീഖ് അഫ്‌സൽ
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ