മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ നാല് മാസം മാത്രം ശേഷിക്കേ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാനുള്ളത് 622 കോടി രൂപ. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എത്തിയിട്ടും ബഡ്ജറ്റിൽ വകയിരുത്തിയ 844.22 കോടിയിൽ ഇന്നലെ വരെ ചെലവഴിച്ചത് 222.15 കോടി രൂപയാണ്. 26.31ശതമാനം.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണവും അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറി നൽകാത്തതുമാണ് പദ്ധതി പ്രവർത്തനങ്ങൾ ഇഴയാൻ കാരണം. ജൂണിൽ 25 ലക്ഷമായിരുന്നു ബില്ലുകളുടെ പരിധിയെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സെപ്തംബറോടെ വീണ്ടും അഞ്ച് ലക്ഷമാക്കി കുറച്ചു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുക. ഇക്കാലയളവിൽ ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണം പദ്ധതി പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചു.കരാറുകാരുടെ ബില്ലുകൾ ബാങ്ക് വഴി മാറാവുന്ന ബിൽ ഡിസ്‌കൗണ്ട് സംവിധാനത്തിലും നിയന്ത്രണമേർപ്പെടുത്തിയതോടെ കരാറുകാർ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. ഏറ്റെടുത്തവ സമയബന്ധിതമായി പൂർത്തീകരിക്കുന്നുമില്ലെന്ന് തദ്ദേശ ഭരണകൂടങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വിവിധ വികസന പദ്ധതികൾക്കുള്ള 70 ശതമാനത്തിലധികം തുക ചെലവഴിക്കാൻ ബാക്കിനിൽക്കുന്നുണ്ട്. നാല് മാസം കൊണ്ട് ഈ തുക ചെലവഴിക്കൽ അപ്രായോഗികമാണ്. പദ്ധതി തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ബില്ലുകൾ പാസാക്കി പണം പിന്നീട് നൽകാൻ ക്യൂവിലേക്ക് മാറ്റുകയാണ് ധനവകുപ്പ് ചെയ്യുന്നത്. പദ്ധതി തുക ചെലവഴിക്കലിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് മലപ്പുറം. മുന്നിൽ ആലപ്പുഴയാണ്. ഇവിടെ 27.12 ശതമാനം തുക ചെലവഴിച്ചു. തൊട്ടുപിന്നിൽ തൃശൂർ ജില്ലയും. മുൻവർഷങ്ങളിൽ ഇതേസമയം 40 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിരുന്നു.
ജനറൽ പദ്ധതികൾക്കായി വകയിരുത്തിയ  442.17 കോടിയിൽ  119.85  കോടി ചെലവിട്ടിട്ടുണ്ട്. എസ്.സി പദ്ധതികൾക്കുള്ള  136.63  കോടിയിൽ  38.23 കോടി ചെലവഴിച്ചു.  27.98  ശതമാനമാണിത്. ട്രൈബൽ പദ്ധതികൾക്കുള്ള  9.53  കോടിയിൽ  2.03  കോടി വിനിയോഗിച്ചു. 21.34 ശതമാനം മാത്രം. ഇക്കാര്യത്തിൽ ജില്ല പിന്നിലാണ്.
മുന്നിൽ മഞ്ചേരി
വാർഷിക പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ മഞ്ചേരി മുനിസിപ്പാലിറ്റിയാണ് മുന്നിലുള്ളത്. 42.53 ശതമാനം തുക ചെലവഴിച്ചു. മുനിസിപ്പാലിറ്റികളിൽ മഞ്ചേരിയും നിലമ്പൂരും 21 ഗ്രാമപഞ്ചായത്തുകളും 30 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിട്ടുള്ളത്. 
ഗ്രാമപഞ്ചായത്ത്...............ചെലവഴിച്ച തുക ( ശതമാനത്തിൽ)
മക്കരപ്പറമ്പ ........................ 37.97
ചേലേമ്പ്ര .............................. 36.68
മങ്കട ...................................... 35.79
എടക്കര ............................... 34.47
കീഴാറ്റൂർ .............................. 33.94
വേങ്ങര ................................ 33.79
നഗരസഭ................................ ചെലവഴിച്ച തുക
നിലമ്പൂർ ................................... 30
പൊന്നാനി ............................... 29.89
പെരിന്തൽമണ്ണ ........................ 28.57
വളാഞ്ചേരി ............................... 26.98
കോട്ടക്കൽ ............................... 23.69
തിരൂർ ........................................ 23.66
മലപ്പുറം...................................... 21.1
തിരൂരങ്ങാടി.............................. 20.81
കൊണ്ടോട്ടി ...............................19.67
താനൂർ ......................................16.52
പരപ്പനങ്ങാടി.............................. 15.33
.