vvvvvvvvvvvvvvv

മലപ്പുറം: ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യ നിർമ്മാണ യൂണിറ്റുകളിലും ഉപയോഗ ശേഷമുള്ള എണ്ണ സംഭരിച്ച് ജൈവ ഡീസലും സോപ്പും നിർമ്മിക്കുന്നതിനായുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീപർപ്പസ് കുക്കിംഗ് ഓയിൽ (റൂക്കോ) പദ്ധതി വഴി ജില്ലയിൽ പ്രതിമാസം ശേഖരിക്കുന്നത് ഏകദേശം 2,000 ലിറ്റർ എണ്ണ. ഫുഡ് ആൻഡ് സ്റ്റാൻഡേഡ് സേഫ്റ്റി അതോറിറ്റി അംഗീകാരമുള്ള ജില്ലയിലെ രണ്ട് കമ്പനികളിലേക്കാണ് എണ്ണ എത്തിക്കുന്നത്.

ലിറ്ററിൽ ഗുണമേന്മയ്ക്കനുസരിച്ച് 40 മുതൽ 55 രൂപ വരെ നൽകി കമ്പനികൾ എണ്ണ വാങ്ങുകയും തുടർന്ന് ബയോ ഡീസൽ നിർമ്മിക്കുന്ന സ്ഥാപനങ്ങളിലേക്ക് നൽകുകയുമാണ് ചെയ്യുന്നത്. പ്രത്യേക കാനിൽ സൂക്ഷിച്ച എണ്ണ ആഴ്ചയിലൊരിക്കൽ ശേഖരിക്കും.

പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഗ്രോമോർ ട്രേഡിംഗ്, കോട്ടയ്ക്കലിലെ പാറ്റ ഡിറ്റർജെന്റ്സ് ആൻഡ് കെമിക്കൽസ് സ്ഥാപനങ്ങൾക്കാണ് ഹോട്ടലുകളിൽ നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കാനുള്ള റൂക്കോയുടെ ലൈസൻസ് നൽകിയിട്ടുള്ളത്.

നിർമ്മിക്കുന്നത് 10,000 സോപ്പുകൾ

പാറ്റ ഡിറ്റർജെന്റ്സ് ആൻഡ് കെമിക്കൽസ് ഏകദേശം 10,000 അലക്ക് സോപ്പുകളാണ് ഇത്തരം എണ്ണ ഉപയോഗിച്ച് ജില്ലയിൽ പ്രതിമാസം നിർമ്മിക്കുന്നത്.

ഗ്രോമോർ ട്രേഡിംഗ് ജൈവ ഡീസൽ കമ്പനികൾക്ക് എണ്ണ കൈമാറും.

ഉപയോഗിച്ച എണ്ണയിൽ മെഥനോൾ ചേർത്ത് ചൂടാക്കി വിവിധ ഘട്ടങ്ങളിലായി സംസ്‌കരിച്ചാണ് ജൈവ ഡീസൽ നിർമ്മാണം.

എണ്ണ ശേഖരണം കൃത്യമായി നടക്കുന്നില്ലേ എന്ന് ഉറപ്പ് വരുത്താനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടയ്ക്കിടെ പരിശോധന നടത്തുന്നുണ്ട്.

റൂക്കോ പദ്ധതി വന്നതോടെ പഴകിയ എണ്ണ ഉപയോഗിച്ചുള്ള പാകം ചെയ്യലിന് വലിയ കുറവ് വന്നിട്ടുണ്ട്. ഇടയ്ക്കിടെ ഭക്ഷണ നിർമ്മാണ ശാലകളിൽ പരിശോധന നടത്താറുണ്ട്. പഴകിയ എണ്ണ കൃത്യസമയത്ത് തന്നെ ബയോ ഡീസൽ-സോപ്പ് നിർമ്മാണ സ്ഥാപനങ്ങളിലേക്ക് എത്തുന്നില്ലേ എന്ന് ഉറപ്പ് വരുത്തുന്നുണ്ട്.
സുജിത് പെരേര, അസിസ്റ്റന്റ് ഫുഡ് കമ്മിഷണർ

ഉപയോഗിച്ച എണ്ണ ചില ഭക്ഷണ നിർമ്മാണ ശാലകൾ തമിഴ്‌നാട്ടിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അവിടെയുള്ള ചില എണ്ണ കമ്പനികൾ ഇത് ഫിൽറ്റർ ചെയ്ത് പാം ഓയിൽ, സൺഫ്ളവർ ഓയിൽ, വിളക്കെണ്ണയാക്കി മാറ്റുന്ന സാഹചര്യം നിലവിലുണ്ട്.
അജേഷ് കുമാർ,​ ഗ്രോമോർ ട്രേഡിംഗ് ഉടമ.