മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചുങ്കത്തറ ജില്ലാ കൃഷി ഫാമിൽ ജനുവരി രണ്ട് മുതൽ ആറ് വരെ നടത്തുന്ന അന്താരാഷ്ട്ര കാർഷിക പ്രദർശന വിപണനമേള നിറപൊലി അഗ്രി എക്സ്‌പോയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.കെ റഫീഖ ലോഗോ പ്രകാശനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. എടക്കര കൃഷി ഓഫീസർ എബിത ജോസഫാണ് 'നിറപൊലി' ലോഗോ രൂപകൽപ്പന ചെയ്തത്.
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സ്ഥാപനങ്ങളുടെ സ്റ്റാളുകൾക്ക് പുറമെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ നൂറോളം സ്റ്റാളുകളും മേളയിലുണ്ടാവും. വിവിധങ്ങളായ നടീൽ വസ്തുക്കൾ, മൂല്യവർദ്ധിത കാർഷികോൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും മേളയിലുണ്ടാവും. ആധുനിക കാർഷിക യന്ത്രസാമഗ്രികളുടെ പ്രദർശനം, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, കുട്ടികൾക്കുള്ള പിക്നിക് പാർക്ക്, ഫുഡ് കോർട്ട് തുടങ്ങിയവയും സജ്ജീകരിക്കും. മേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകളും സംഘടിപ്പിക്കും.