കാളികാവ്:സ്വകാര്യ ഭൂമികളുടെ ക്രയ വിക്രയങ്ങൾക്കും പോക്കുവരവ് നടത്തുന്നതിനുമായി നടത്തുന്ന ഭൂ സർവ്വേ റവന്യു ജീവനക്കാർ നടത്തരുതെന്ന് ജില്ലാകലക്ടർ. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാത്ത സർവേകൾക്കാണ് ജില്ലാ കളക്ടർ വിലക്കേർപ്പെടുത്തിയത്. കേരള സ്റ്റേറ്റ് ലാൻഡ് സർവ്വേയേഴ്സ് ഫെഡറേഷന്റെ പരാതിയെ തുടർന്നാണ് നടപടി. 26/8/2011 ൽ ലാന്റ് റവന്യു കമ്മീഷണറുടെ സർക്കുലർ പ്രകാരം റവന്യു ഉദ്യോഗസ്ഥരുടെ സ്വകാര്യ സർവേ നിരോധിച്ചിരുന്നു. ഇത് മറി കടന്ന് മലപ്പുറം ജില്ലയിൽ വ്യാപകമായി റവെന്യു ഉദ്യോഗസ്ഥരാണ് സ്വകാര്യ സർവ്വേകൾ നടത്തുന്നത്. ഇത് സ്വകാര്യ സർവേയർമാരുടെ തൊഴിൽ നഷ്ടപ്പെടുത്തുകയാണെന്നാണ് പരാതി.റവന്യു ഉദ്യോഗസ്ഥരുടെ സ്വകാര്യ സർവേ തടഞ്ഞു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മാസം 18 ന് എല്ലാ തഹസിൽദാർമാർക്കും മലപ്പുറം ജില്ലാ കലക്ടർ അയച്ചിട്ടുണ്ട്. ക്രയവിക്രയം നടത്തുന്നതിനോ പോക്കു വരവ് നടത്തുന്നതിനോ ആവശ്യമായുള്ള ഭൂ സർവ്വേ റവന്യു ഉദ്യോഗസ്ഥർ തന്നെ നടത്തണമെന്ന് പറഞ്ഞ് ആവശ്യക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചില ഉദ്യോഗസ്ഥർ. ഓഫീസ് സമയത്താണെങ്കിലും അല്ലെങ്കിലും റവന്യു ഉദ്യോഗസ്ഥരുടെ സ്വകാര്യ ലാൻഡ് സർവേകൾക്ക് നിലവിൽ വിലക്കുണ്ട്. വിലക്കുകളെ മറികടന്ന് വ്യാപകമായി ഭൂ സർവ്വേ നടത്തുന്നത് റവന്യു ഉദ്യോഗസ്ഥരാണ്. രാവിലെ 10ന് മുമ്പും വൈകിട്ട് അഞ്ചിനു ശേഷവുമാണ് ഉദ്യോഗസ്ഥരെത്തുക.നിയമത്തിനു വിധേയമായി അതി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സർവ്വേയാണ് സ്വകാര്യ സർവ്വേയർമാർ നടത്തുന്നത്.