
മലപ്പുറം: സമസ്തയ്ക്ക് സമാന്തരമായി 'സമസ്ത ആദർശ സംരക്ഷണ സമിതി' രൂപീകരിച്ച് സമസ്‌തയിലെ മുസ്‌ലിം ലീഗ് അനുകൂലികൾ.ഇത് സംഘടനയുടെ പിളർപ്പിന് വഴിമരുന്നാവാതിരിക്കാൻ തിരക്കിട്ട അനുനയ നീക്കങ്ങളിലാണ് സമസ്ത നേതൃത്വം.
ആദർശ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിക്കാൻ ഇന്നലെ മലപ്പുറത്ത് വാർത്താസമ്മേളനം വിളിച്ചെങ്കിലും സമസ്തയുടെ ഇടപെടലോടെ ഒഴിവാക്കി. വിദേശത്തായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ഇന്നലെ നാട്ടിലെത്തി. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായി അദ്ദേഹം ചർച്ച നടത്തും. സമസ്തയുടെ പോഷക സംഘടനാ ഭാരവാഹികളാണ് ഇരുചേരികളിലായി നിലയുറപ്പിക്കുന്നത്. ഇവരുടെ കോ-ഓർഡിനേഷൻ യോഗം വിളിച്ചേക്കും. ഈ മാസം 11ന് ചേരുന്ന സമസ്ത മുശാവറ യോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.
പാണക്കാട് തങ്ങൾ കുടുംബത്തിനെതിരായ സമസ്തയിലെ ഒരുവിഭാഗത്തിൻറെ നിലപാടുകളാണ് സമിതി രൂപവത്കരിക്കാൻ കാരണമെന്നാണ് ലീഗനുകൂലികളുടെ വാദം. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനുവരിയിൽ മുഴുവൻ ജില്ലകളിലും ആദർശ സമ്മേളനങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. സുന്നി ആദർശ സമ്മേളനങ്ങളെന്ന പേരിലുള്ള പരിപാടികൾ
ലീഗിനെയും പാണക്കാട് തങ്ങളെയും വിമർശിക്കാനാണ് ഒരുവിഭാഗം ഉപയോഗപ്പെടുത്തുന്നത്. ഇക്കാര്യം ജനങ്ങളെ
ബോദ്ധ്യപ്പെടുത്തുകയാണ് ആദർശ സംരക്ഷണ സമിതിയുടെ ലക്ഷ്യം.
ഖാസി പദവിയുടെ പേരിൽ സാദിഖലി തങ്ങളെ അപമാനിച്ച സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണമെന്നാണ് ലീഗനുകൂലികളുടെ പ്രധാന ആവശ്യം. ജിഫ്രി തങ്ങളുടെ അടുപ്പക്കാരനായ ഉമർ ഫൈസിക്കെതിരായ നടപടിക്ക് സമസ്ത തുനിയുമോയെന്നത് കണ്ടറിയണം. സി.പി.എമ്മുമായി അടുപ്പമുള്ള നേതാവാണ് ഉമർ ഫൈസി. സുപ്രഭാതം പത്രത്തിലെ വിവാദ പരസ്യത്തിൽ മാനേജ്മെന്റിലെ ഉന്നതർക്കെതിരെ നടപടി വേണമെന്നും ലീഗ് ആവശ്യപ്പെടുന്നുണ്ട്. ജിഫ്രി തങ്ങളെയടക്കം വിമർശിക്കുന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരെ നടപടിയെടുക്കണമെന്നാണ് ലീഗ് വിരുദ്ധരുടെ ആവശ്യം. സമസ്തയുടെ എതിർപ്പ് വകവയ്ക്കാതെ വീണ്ടും സി.ഐ.സി ജനറൽ സെക്രട്ടറിയായി നിയമിച്ച ഹക്കീം ഫൈസി ആദ്യശ്ശേരിയെ പുറത്താക്കണമെന്നും ആവശ്യപ്പെടും.