മലപ്പുറം: കാഴ്ചാപരിമിതർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ നേരിട്ടനുഭവിക്കാൻ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അകക്കാഴ്ച എന്ന പേരിൽ സജ്ജീകരിച്ച ഡാർക്ക് റൂം ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. അസി. കളക്ടർ വി.എം. ആര്യ, സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് തുടങ്ങിയവർ പങ്കെടുത്തു. കാഴ്ചാപരിമിതരുടെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിക്കും വിധത്തിലുള്ള ഡാർക്ക് റൂം അനുഭവം നേരിട്ടറിയാൻ നിരവധി പേരാണ് എത്തിയത്.
ഭിന്നശേഷിക്കാർക്ക് വേണ്ടി ഭാവനാപൂർണമായ നിരവധി പദ്ധതികൾ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചുവരുന്നുണ്ട്. അത്തരത്തിൽ കാഴ്ചാപരിമിതരുടെ പ്രയാസങ്ങൾ മനസിലാക്കുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്നതിനാണ് അകക്കാഴ്ച എന്ന പേരിൽ ഡാർക്ക് റൂം അനുഭവം ആവിഷ്‌കരിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ മുൻകൈയിൽ വടകര ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ വളന്റിയേഴ്സ്, അബേറ്റ് കണ്ണാശുപത്രി എന്നിവർ ചേർന്നാണ് ഡാർക്ക് റൂം ഒരുക്കിയത്.