കാളികാവ്: ഭക്ഷ്യ സുരക്ഷാ വിഭാഗം കരുവാരകുണ്ടിലെ വിവിധ ഭക്ഷണ വില്പനശാലകളിൽ പരിശോധന നടത്തി. ചില കടകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഒൻപതു സ്ഥാപനങ്ങൾക്ക് പിഴ അടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. പഴകിയതും കേടായതും തീയതി തീർന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നതായി വകുപ്പ് മന്ത്രിക്ക് പ്രദേശവാസികളിൽ ചിലർ പരാതി നൽകിയിരുന്നു. തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. പരിശോധന ഏറെ നേരം നീണ്ടുനിന്നു. തുടർ ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും മറ്റു വകുപ്പധികൃതരുടെയും പരിശോധനകളുടെ കുറവാണ് ഭക്ഷണ വില്പനശാലകളിൽ പഴകിയ ഭക്ഷണം വിൽക്കാനിടയാക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ മാത്രം പരിശോധന നടത്തുകയും മറ്റു സമയങ്ങളിൽ പ്രദേശത്തേക്ക് വരികയോ പരിശോധിക്കുകയും ചെയ്യാത്തതുമാണ് കാരണമെന്നും നാട്ടുകാർ പറയുന്നു. അതേ സമയം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ജീവനക്കാരുടെ കുറവും വലിയ ഏരിയയുമായതിനാൽ പരിശോധനകൾക്ക് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയുണ്ട്. വണ്ടൂർ ഫുഡ് സേഫ്ടി ഓഫീസർ കെ.ജസീല, ഏറനാട് ഫുഡ് സേഫ്ടി ഓഫീസർ ഡോ.മുഹമ്മദ് മുസ്തഫ, സുരേഷ് ബാബു, ലിജി, ഗീത, റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.