
സാമ്പത്തിക വർഷം അവസാനിക്കാൻ നാലുമാസം മാത്രം ശേഷിക്കേ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാനുള്ളത് 5,853 കോടി രൂപ. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എത്തിയിട്ടും ബഡ്ജറ്റിൽ വകയിരുത്തിയ 7,746.30 കോടിയിൽ ഇതുവരെ ചെലവഴിച്ചത് 1893.64 കോടി മാത്രമാണ്. 24.45 ശതമാനം. ഗ്രാമപഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി വകയിരുത്തിയ തുകയാണ് ഇത്ര കുറച്ച് ചെലവഴിച്ചത്.
സംസ്ഥാന സർക്കാറിന്റെ ട്രഷറി നിയന്ത്രണവും അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറി കിട്ടാനുള്ള പ്രയാസങ്ങളുമാണ് വികസന പദ്ധതികൾ ഉൾപ്പടെയുള്ളവ ഇഴയാൻ പ്രധാന കാരണം. സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ട്രഷറി നിയന്ത്രണങ്ങളിലേക്ക് വഴിവച്ചത്. മെയിന്റനെൻസ് ഗ്രാന്റ് അടക്കം 300 കോടിയുടെ 8,442 ബില്ലുകളാണ് ട്രഷറിയിൽ പാസാക്കാതെ കെട്ടിക്കിടക്കുന്നത്. പദ്ധതി തുക ചെലവഴിക്കുന്നതിന്റെ ശതമാനം വർദ്ധിപ്പിക്കാൻ ജനുവരി മുതൽ മാർച്ച് പകുതി വരെയുള്ള കാലയളവിൽ പദ്ധതികൾ അതിവേഗത്തിൽ നടപ്പിലാക്കുന്ന ശൈലി ഇത്തവണയും ആവർത്തിച്ചേക്കും. ഇതോടെ പദ്ധതികൾ സംബന്ധിച്ച കൃത്യമായ പരിശോധനയ്ക്ക് പോലും ഉദ്യോഗസ്ഥർക്ക് സമയം കിട്ടില്ല.
കഴിഞ്ഞ വർഷവും പല സന്ദർഭങ്ങളിൽ ട്രഷറിയിൽ മാറാവുന്ന ബില്ലിന്റെ പരിധി അഞ്ച് ലക്ഷമാക്കി കുറച്ചിരുന്നു. ബില്ലുകൾ പാസാക്കാനാവാതെ ട്രഷറികളിൽ കെട്ടിക്കിടന്നതോടെ പരിധി പത്ത് ലക്ഷമായും പിന്നീട് 25 ലക്ഷമായും ഉയർത്തി. തദ്ദേശസ്ഥാപനങ്ങളിലേയും പൊതുമരാമത്ത് വകുപ്പുകളിലേയും നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട ബില്ലുകൾ മാറിക്കിട്ടാൻ തുടങ്ങിയതോടെ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാരും തയ്യാറായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സെപ്തംബറോടെ വീണ്ടും അഞ്ച് ലക്ഷമാക്കി പരിധി കുറച്ചു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുക. ഇക്കാലയളവിൽ ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണം പദ്ധതി പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും. കരാറുകാരുടെ ബില്ലുകൾ ബാങ്ക് വഴി മാറാവുന്ന ബിൽ ഡിസ്‌കൗണ്ട് സംവിധാനത്തിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് പരമാവധി ബാങ്കുകളിൽ നിന്ന് വായ്പയായി ലഭിക്കുക. സർക്കാരിന്റെ ഉറപ്പിലാണ് ഈ തുക ബാങ്കുകൾ കരാറുകാർക്ക് നൽകുക. അതേസമയം പലിശ കരാറുകാർ അടക്കണം. കൂടിയ തുകകൾ വരെ ഇത്തരത്തിൽ ലഭിക്കാറുണ്ട് എന്നതിനാൽ ട്രഷറിയിൽ നിന്നുള്ള തുക വൈകിയാലും പിടിച്ചുനിൽക്കാൻ ബാങ്ക് ലോൺ സഹായകമായിരുന്നെന്നാണ് കരാറുകാർ പറയുന്നത്. ട്രഷറി നിയന്ത്രണം വീണ്ടും കടുപ്പിച്ചതോടെ കരാറുകാർ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. ഏറ്റെടുത്തവ സമയബന്ധിതമായി പൂർത്തിയാക്കുന്നില്ല. നിർമ്മാണരംഗത്തെ അസംസ്കൃത വസ്തുക്കളുടെ അടിക്കടിയുള്ള വില വർദ്ധനവും ഇതിന് അനുസൃതമായി കരാർ തുകയിൽ മാറ്റം വരാത്തതും ഒപ്പം ട്രഷറി നിയന്ത്രണവും കൂടിയായതോടെ പിടിച്ചുനിൽക്കാനാവുന്നില്ലെന്ന് ചെറുകിട കരാറുകാർ പറയുന്നു.
ഇനി എന്ന് ചെലവഴിക്കും
സംസ്ഥാനത്തെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും വിവിധ വികസന പദ്ധതികൾക്കുള്ള 70 ശതമാനത്തോളം തുക ചെലവഴിക്കാൻ ബാക്കിയുണ്ട്. നാലുത്തിനകം ഈ തുക ഫലപ്രദമായി ചെലവഴിക്കുക പ്രായോഗികമല്ല. ചെലവഴിച്ചെന്ന് വരുത്തിതീർക്കാനുള്ള നെട്ടോട്ടത്തിൽ പദ്ധതികൾ പലതും ജനങ്ങൾക്ക് യഥാവിധി ഉപകാരപ്പെട്ടെന്നും വരില്ല. നിർമ്മാണ പ്രവൃത്തികളുടെ ഗുണമേന്മ ഉൾപ്പെടെയുള്ളവയിൽ കൃത്യമായ പരിശോധനയ്ക്കും സമയം ലഭിക്കില്ല. പദ്ധതി തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ബില്ലുകൾ പാസാക്കി പണം പിന്നീട് നൽകാൻ ക്യൂവിലേക്ക് മാറ്റുകയാണ് ധനവകുപ്പ് ചെയ്യുന്നത്. പദ്ധതി തുക ചെലവഴിക്കലിൽ സംസ്ഥാനത്ത് മുന്നിൽ ആലപ്പുഴയാണ്. ഇവിടെ 27.3 ശതമാനം തുക ചെലവഴിച്ചു. തൊട്ടുപിന്നിൽ തൃശൂർ ജില്ലയും. 27.06 ശതമാനം തുക. മൂന്നാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 26.37 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ഇതേസമയം 40 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിരുന്നു.
മുന്നിൽ ജില്ലാ പഞ്ചായത്ത്
വാർഷിക പദ്ധതി വിനിയോഗത്തിൽ ജില്ലാ പഞ്ചായത്തുകളാണ് മുന്നിൽ. 14 ജില്ലാ പഞ്ചായത്തുകൾക്കായി 935.57 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയപ്പോൾ ഇതുവരെ ചെലവഴിച്ചത് 250.39 കോടിയായാണ്. 26.76 ശതമാനം. തൊട്ടുപിന്നിൽ ബ്ലോക്ക് പഞ്ചായത്തുകളാണ്. 935.57 കോടിയിൽ 243.31 കോടി രൂപ ചെലവിട്ട് പദ്ധതി നിർവഹണ പുരോഗതി 26.01 ശതമാനമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബഡ്ജറ്റ് വിഹിതമുള്ള പഞ്ചായത്തുകൾ പക്ഷെ തുക ചെലവഴിക്കുന്നതിൽ അത്ര മുന്നിലല്ല. 3,932 കോടിയാണ് ബഡ്ജറ്റിൽ പഞ്ചായത്തുകൾക്കായി അനുവദിച്ചത്. ഇതിൽ 984 കോടിയേ ചെലവഴിച്ചുള്ളൂ. 25.04 ശതമാനം മാത്രം. നാലിൽ ഒന്ന് തുക മാത്രം. മുനിസിപ്പാലിറ്റികൾക്ക് 1,010 കോടി രൂപയുടെ ബഡ്ജറ്റുണ്ടെങ്കിൽ ഇന്നലെ വരെ ചെലവിട്ടത് 221 കോടി മാത്രമാണ്. തീർത്തും നിരാശപ്പെടുത്തുന്ന പ്രവർത്തനം. 21.88 ശതമാനം തുക മാത്രമാണ് വിവിധ പദ്ധതികൾക്കായി വകയിരുത്തിയതിൽ ചെലവിട്ടത്. കോർപ്പറേഷനുകൾ 932.53 കോടി രൂപയുണ്ട്. അതിൽ ചെലവിട്ടത് 194 കോടി രൂപ മാത്രം. 20.82 ശതമാനം. 80 ശതമാനത്തോളം തുക നാല് മാസത്തിനിടെ ചെലവഴിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കോർപ്പറേഷനുകൾക്ക് മുന്നിലുള്ളത്. ഫണ്ട് നഷ്ടപ്പെട്ടുപോവുന്ന സ്ഥിതിയാവും നേരിടാൻ പോവുന്നത്.