മലപ്പുറം: പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി അധിക ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് ഇന്നലെ വാഴയൂർ വില്ലേജിൽ തുടക്കമായി. ജില്ലയിലെ എട്ട് വില്ലേജുകളിൽ നിന്നായി 11.12 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇന്നും വാഴയൂരിൽ തന്നെയാവും. തുടർന്ന് ചീക്കോട് - വാഴക്കാട് അതിർത്തിയായ ഇരിപ്പൻതൊടിയിലാവും അതിർത്തി നിർണ്ണയിക്കുക. ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നത്. സർവേ നടപടികളും വില നിർണ്ണയവും പൂർത്തിയാക്കി ഈമാസം 31നകം ത്രിഡീ വിജ്ഞാപനം പുറത്തിറങ്ങും. അധികമായി ഏറ്റെടുക്കുന്ന ഭൂമി ഉൾപ്പെടെയുള്ളവയുടെ നഷ്ടപരിഹാര തുക കണക്കാക്കി ജനുവരി 31നകം അപേക്ഷ നൽകണം. നടപടികൾ പൂർത്തിയാക്കി 2025 മാർച്ച് 31നകം നഷ്ടപരിഹാര തുക വിതരണം ചെയ്യാനാണ് തീരുമാനം. വാഴയൂർ, കരുവാരക്കുണ്ട്, കാരക്കുന്ന്, അരീക്കോട്, വാഴക്കാട്, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, ചീക്കോട് വില്ലേജുകളിലാണ് കൂടുതൽ ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റവും കുറവ് ഭൂമി ഏറ്റെടുക്കുന്നത് കാരക്കുന്ന് വില്ലേജിൽ നിന്നാണ്. ഒമ്പത് സെന്റ് മാത്രമാണ് അധികം ഏറ്റെടുക്കുക. ചെമ്പ്രശ്ശേരി- 485 സെന്റ്, അരീക്കോട് - 363, വാഴക്കാട് - 168, ചീക്കോട് - 363, വെട്ടിക്കാട്ടിരി - 26, കരുവാരക്കുണ്ട് - 478, വാഴയൂർ 397 സെന്റ് എന്നിങ്ങനെയാആണ് ഏറ്റെടുക്കുക.
നടപടികൾ അതിവേഗം
# ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി ആദ്യഘട്ടത്തിൽ ജില്ലയിൽ 15 വില്ലേജുകളിൽ നിന്നായി 238 ഹെക്ടർ ഭൂമി ഏറ്റെടുത്തിരുന്നു. 45 മീറ്ററിലാണ് പാത നിർമ്മിക്കുക.
# ടോൾ സെന്ററുകളോട് ചേർന്ന് അത്യാവശ്യ ഘട്ടങ്ങളിൽ ചരക്ക് ലോറി ഡ്രൈവർമാർക്ക് വാഹനം ഒതുക്കി നിറുത്തി വിശ്രമിക്കുന്നതിനും റിംഗ് റോഡ്, അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുമാണ് എട്ടിടങ്ങളിലായി 11.12 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കുന്നത്.
# ഇവിടങ്ങളിൽ റോഡിന്റെ വീതി 60 മീറ്ററാവും. നാഷണൽ ഹൈവേ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് അധിക ഭൂമി ഏറ്റെടുക്കുന്നത്.
# ഇതുവരെ സ്ഥലമടക്കം 3,653 കൈവശങ്ങൾ ഏറ്റെടുക്കുകയും 1,860 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുകയും ചെയ്തു. കാര്യമായ പ്രതിഷേധങ്ങളൊന്നും ഇല്ലാതെയാണ് ജില്ലയിൽ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയത്.
# ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഗ്രീൻഫീൽഡ് പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 52.96 കിലോമീറ്റർ മലപ്പുറം ജില്ലയിലും 62.2 കിലോമീറ്റർ പാലക്കാടും 6.48 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്.
ഈ മാസം 31നകം ത്രീഡി വിജ്ഞാപനം പുറപ്പെടുവിപ്പിക്കും. നഷ്ടപരിഹാര നിർണയം ജനുവരിയിൽ പൂർത്തിയാക്കി മാർച്ച് 31നകം നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കും. നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.
ഡോ. ജെ.ഒ. അരുൺ, ഡെപ്യൂട്ടി കളക്ടർ