-

മലപ്പുറം: ജില്ലയിലെ ന്യൂട്രിമിക്സ് യൂണിറ്റുകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് മൂന്നരക്കോടിയോളം രൂപ. അങ്കണവാടികളിലെ കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും പോഷകാഹാരം നൽകുന്നതിനുള്ള അമൃതം ന്യൂട്രിൻ പൗഡർ ഉത്പാദിപ്പിക്കുന്ന 41 ന്യൂട്രിമിക്സ് യൂണിറ്റുകൾക്കാണ് ഈ തുക കുടിശ്ശികയായി കിടക്കുന്നത്. ഒരുകിലോ അമൃതം പൊടിയ്ക്ക് 70 രൂപയാണ് സർക്കാരിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ വഴി ന്യൂട്രിമിക്സ് യൂണിറ്റുകൾക്ക് ലഭിക്കുന്നത്. 2017ലാണ് അവസാനമായി വില പുതുക്കിയത്. അതുവരെ 56 രൂപയായിരുന്നു. എല്ലാ സാധനങ്ങൾക്കും വിപണിയിൽ ക്രമാതീതമായി വില ഉയരുമ്പോഴും അമൃതം പൊടിയ്ക്ക് മാത്രം വില വർദ്ധിപ്പിക്കാത്തത് അംഗീകരിക്കാനാവില്ലെന്നാണ് ജില്ലയിലെ ന്യൂട്രിമിക്സ് യൂണിറ്റിലെ ജീവനക്കാർ പറയുന്നത്.
സ്ത്രീകൾക്ക് സ്വയം തൊഴിൽ എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ന്യൂട്രിമിക്സ് യൂണിറ്റുകൾ ആരംഭിച്ചത്. തുടക്കത്തിൽ ലാഭകരമായി പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ പല യൂണിറ്റുകളും അടച്ച് പൂട്ടലിന്റെ വക്കിലാണ്. 500 മുതൽ 800 രൂപ വരെ ദിവസ വേതനത്തിനാണ് ജില്ലയിലെ ന്യൂട്രിമിക്സ് യൂണിറ്റുകളിലെ ജീവനക്കാർ ജോലി ചെയ്യുന്നത്. ഒരു യൂണിറ്റിൽ ചുരുങ്ങിയത് അഞ്ച് പേരെങ്കിലും ജീവനക്കാരായുണ്ട്. നഷ്ടം വന്നതോടെ പല യൂണിറ്റുകളും ദിവസ വേതനത്തിൽ കുറവ് വരുത്തിയിരുന്നു. ജീവനക്കാർക്കുള്ള വേതനം പലപ്പോഴും കുടിശ്ശികയാവാറുണ്ട്. കാലാനുസൃതമായി അമൃതം പൊടിയുടെ തുകയിലും വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പിനും തദ്ദേശ വകുപ്പിലും പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ആക്ഷേപം.


വൈദ്യുതിയും വില്ലൻ

ഉല്പാദത്തിനനുസരിച്ച് 8,000 മുതൽ 45,000 വരെ കറന്റ് ചാർജ് മാസം വരുന്ന യൂണിറ്റുകളാണ് ജില്ലയിലുള്ളത്.

ഓരോ യൂണിറ്റുകളിലും ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് ജീവനക്കാർക്കുള്ള വേതനം നൽകേണ്ടത്.

വൈദ്യുതി ചാർജും അസംസ്‌കൃത വസ്തുക്കൾ വാങ്ങാനുള്ള തുകയുമെല്ലാം ഇതിൽ നിന്ന് കണ്ടെത്തണം.


മേഖല മുഴുവൻ നഷ്ടത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഉല്പാദനത്തിന് അനുസരിച്ചുള്ള തുക സർക്കാരിൽ നിന്ന് ലഭ്യമായാലേ പ്രതിസന്ധി മറികടക്കാനാവൂ.


ഉമ്മുസൽമ, സംസ്ഥാന കൺസോർഷ്യം പ്രസിഡന്റ്,