
കാളികാവ്: കർണ്ണാടകയിലെ ഹുബ്ളിയിൽ നിന്നും വെയിലും മഴയും വകവയ്ക്കാതെശബരിമലയിലേക്ക് നഗ്നപാദരായി നടക്കുകയാണ് മൂന്ന് യുവാക്കൾ . ഹുബ്ലി സ്വദേശികളായ മുത്തു(23), മാളുത്തി (21),വിഷ്ണു (25) എന്നീ യുവാക്കളാണ് കാൽനടയായി ശബരിമലയിലെത്തുകയെന്ന ലക്ഷ്യവുമായി യാത്രതിരിച്ചത്.
14 നായിരുന്നു യാത്രാത്തുടക്കം. നിശ്ചിത ദൂരം നടന്നാൽ പിന്നെ വിശ്രമിക്കും.രാത്രി കിട്ടുന്ന സ്ഥലത്ത് കിടന്നുറങ്ങും. ഭക്ഷണം ഹോട്ടലുകളിൽ നിന്ന് കഴിക്കും. അലക്കലും കുളിയും പുഴകളിലാണ്. മുൻ നിശ്ചയപ്രകാരം നിശ്ചിത ദൂരം നടന്ന് ഡിസംബർ 25ന് ശബരിമലയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. പൊരിവെയിലിൽ റോഡ് ചുട്ടു പൊള്ളുമ്പോൾ റോഡരികിലേക്കിറങ്ങി നടക്കും. ജീവിതത്തിലാദ്യമായി അയ്യപ്പ ദർശനം നടത്തുകയെന്ന ലക്ഷ്യത്തിനായുള്ള യാത്രയിലെ പ്രയാസങ്ങൾ മധുരാനുഭവമാണെന്നാണ് യുവാക്കൾ പറയുന്നത്.ആരെങ്കിലും സ്നേഹ പൂർവ്വം നൽകുന്ന സംഭാവനകളോ ഭക്ഷണമോ തന്നാൽ സ്വീകരിക്കുന്നുണ്ട്. കേരളത്തിൽ ആദ്യമായാണ്. ഇവിടുത്തെ ആളുകളുടെ സ്വീകരണവും സൗഹൃദവും യാത്രയ്ക്ക് പുതു ഊർജ്ജം നൽകുന്നുണ്ടെന്ന്മൂവരും പറയുന്നു.
അയ്യപ്പ ദർശനം കഴിഞ്ഞാൽ പിറ്റേന്ന് ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് തിരിക്കും.