
മലപ്പുറം: ക്രിസ്മസും പുതുവർഷവും എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ഇന്ന് മുതൽ. ജനുവരി നാല് വരെ ജില്ലയിൽ പരിശോധന കർശനമാക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്സ്, ആന്റിനാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ്, ഹൈവേ പെട്രോളിംഗ്, ജില്ലാ ഇന്റലിജൻസ് വിഭാഗം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റ് എന്നിവർ പരിശോധന നടത്തും. പൊലീസ്, ആർ.ടി.ഒ, റെയിൽവേ, കോസ്റ്റൽ പൊലീസ് എന്നിവരുമായി സഹകരിച്ചുള്ള പരിശോധനകളും സജീവമാകും.
വഴിക്കടവ് ചെക്ക് പോസ്റ്റിലൂടെ വരുന്ന വാഹനങ്ങളിൽ മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കടത്തുന്നുന്നുണ്ടോ എന്ന് തമിഴ്‌നാട് പൊലീസുമായി ചേർന്ന് പരിശോധിക്കും. റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതരുമായി ചേർന്ന് വാഹനങ്ങളിലും കോസ്റ്റൽ പൊലീസുമായി ചേർന്ന് തീരദേശ മേഖലകളിലും പരിശോധന നടത്തും. ഫോറസ്റ്റ് വിഭാഗവുമായി ചേർന്ന് വനമേഖലകളിൽ ചാരായം വാറ്റുൾപ്പെടെയുള്ളവ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കിഴക്കൻ മേഖല, പടിഞ്ഞാറൻ മേഖല, തീരദേശ മേഖല എന്നിങ്ങനെ തരംതിരിച്ച് മൂന്ന് ടീമുകളായായി തിരിഞ്ഞ് സ്‌ട്രൈക്കിംഗ് ഫോഴ്സ് ശക്തമായ പരിശോധന നടത്തും.
നഗരത്തിന്റെ വിവിധ ഇടങ്ങൾ, അടച്ചു പൂട്ടിയ സ്ഥാപനങ്ങൾ, ആളൊഴിഞ്ഞ പറമ്പുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന നടക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റിസോട്ടുകൾ എന്നിവിടങ്ങളിൽ ക്രിസ്മസ്, പുതുവർഷ പാർട്ടികൾക്കായി എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി മരുന്നുകൾ എത്തിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിലും പരിശോധന കർശനമാക്കും.
പരാതി പറയാം
ജില്ലയിലെ പൊതുജനങ്ങൾക്ക് പരാതി പറയുന്നതിന് ഡിവിഷണൽ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കും. 0483 2734886 എന്ന നമ്പറിൽ വിളിച്ച് പരാതി പറയാം.
ക്രിസ്മസ്, പുതുവർഷ പാർട്ടികൾക്കായി വ്യാജമദ്യവും ലഹിമരുന്നുകളും ഉൾപ്പെടെയുള്ളവ ജില്ലയിലേക്ക് ഒഴുകാൻ സാദ്ധ്യതയുള്ളതിനാലാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്. ഇന്ന് മുതൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന് ജില്ലയിൽ എല്ലാം സജ്ജമാണ്.
കെ.പി.മോഹൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ