fffffff

മലപ്പുറം: ക്രിസ്മസിന്റെയും പുതുവർഷത്തിന്റെയും വരവറിയിച്ച് ജില്ലയിൽ ക്രിസ്മസ് വിപണികൾ സജീവമാവുകയാണ്. ഉണ്ണിയേശു, നക്ഷത്രം, ട്രീ ഡെക്കറേഷൻ, റെഡിമെയ്ഡ് പുൽക്കൂട്, സാന്താക്ലോസ് പ്രതിമകൾ, ഫൈബറിലും പ്ലാസ്റ്റിക്കിലും ഒരുക്കിയ മഞ്ഞണിഞ്ഞ ക്രിസ്മസ് ട്രീകൾ, ക്രിസ്മസ്-പുതുവർഷ ആശംസാ കാർഡുകൾ, മാല ബൾബുകൾ, ചുവപ്പും വെള്ളയും കലർന്ന സാന്താക്ലോസ് വസ്ത്രങ്ങൾ, തൊപ്പികൾ എന്നിവയെല്ലാം വിപണി കീഴടക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.

വിവിധ വില നിലവാരത്തിലുള്ള ക്രിസ്മസ് ട്രീകൾ വിപണി കീഴടക്കിയിട്ടുണ്ട്. 75 മുതൽ 1,500 രൂപ വരെയുള്ള ക്രിസ്മസ് ട്രീകളുണ്ട്. ഇതിൽ അലങ്കരിക്കാനുള്ള ബോളിന് ഒരെണ്ണത്തിന് വില 10 രൂപയാണ്. ക്രിസ്മസ് വിപണികളെ വർണാഭമാക്കുന്ന മാല ബൾബുകൾ 125 രൂപ മുതൽ ലഭ്യമാണ്. സാന്താക്ലോസിന്റെ പ്രതിമയ്ക്ക് 250 മുതൽ 500 രൂപ വരെ വില വരും. 10 രൂപ മുതലുള്ള സാന്താക്ലോസിന്റെ തൊപ്പിയും വിപണിയിലെത്തിയിട്ടുണ്ട്.

സ്റ്റാർ എൽ.ഇ.ഡി തന്നെ

എൽ.ഇ.ഡി സ്റ്റാറുകൾക്കാണ് നിലവിൽ ആവശ്യക്കാരേറെ എത്തുന്നത്. 200 മുതൽ 650 രൂപ വരെയാണ് ഇവയുടെ വില. പേപ്പർ സ്റ്റാറുകൾക്ക് പൊതുവെ ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. 10 മുതൽ 200 രൂപ വരെയാണ് വില. തടിയിലും ചൂരലിലും തീർത്ത പുൽക്കൂടുകളും വിപണിയിലെത്തിയിട്ടുണ്ട്. 400 മുതൽ 1,200 രൂപ വരെയാണ് ഇവയുടെ വില. റെഡിമെയ്ഡ് പുൽക്കൂടുകൾ തേടി കഴിഞ്ഞ തവണയും നിരവധി പേർ എത്തിയെന്നും ഇത്തവണയും കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികൾ പറയുന്നു.


എൽ.ഇ.ഡി സ്റ്റാറുകൾ തേടിയാണ് കൂടുതൽ പേർ നിലവിൽ എത്തിക്കൊണ്ടിരിക്കുന്നത്. വരും വർഷത്തേക്കും ഉപയോഗിക്കാൻ സാധിക്കുമെന്നതിനാലാണ് ഇവയുടെ ഡിമാന്റ് വർദ്ധിക്കുന്നത്. 15-ാം തീയതി ആകുമ്പോഴേക്ക് വിപണിയിൽ കൂടുതൽ ആവശ്യക്കാരെത്തുമെന്നതിൽ സംശയമില്ല. ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാൻ വ്യാപാരികളെല്ലാം തയ്യാറായിട്ടുണ്ട്.
പി.മുജീബ് റഹ്മാൻ, ഫാൻസി കട വ്യാപാരി,​ കുന്നുമ്മൽ