കാളികാവ്: കാളികാവ് പള്ളിശ്ശേരിയിൽ നിന്നും കാണാതായി ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയ 14 വയസുകാരി വിവാഹിത. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും അസാം സ്വദേശികളാണ്.
കാണാതായെന്ന പരാതിയിൽ പെൺകുട്ടിയെ പൊലീസ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതായുള്ള വിവരം പുറത്തുവന്നത്.
ശൈശവ നിരോധന നിയമ പ്രകാരമാണ് പിതാവിനെതിരെ കേസ് ചുമത്തിയിട്ടുള്ളത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗിംകമായി പീഡിപ്പിച്ചു എന്ന പരാതിയിൽ പോക്സോ കേസാണ് ഭർത്താവിനെതിരെ ചുമത്തിയിട്ടുള്ളത്.പെൺകുട്ടിയെ ആക്രമിച്ച് ഗർഭച്ഛിദ്രം നടത്തി എന്ന പരാതിയിലും ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് വിവാഹം നടത്തിയതെന്നാണ് പോലീസ് പറയുന്നത് .
ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്ക വയ്യാതെയാണ് പള്ളിശ്ശേരിയിലെ വാടക വീട്ടിൽ നിന്ന് പെൺകുട്ടി ഹൈദരാബാദിലേക്ക് കടന്നു കളഞ്ഞത്.കാളികാവ് പള്ളിശ്ശേരിയിലെ വാടക ക്വാർട്ടേഴ്സിൽ വച്ച് ഭർത്താവ് എന്ന് പറയുന്ന ആൾക്ക് പിതാവ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു ഏല്പിച്ചു കൊടുത്തുവെന്നാണ് പൊലീസ് പറയുന്നത്.
ചടങ്ങുകൾ പ്രകാരം വിവാഹ കർമ്മങ്ങൾ നടത്തിയതായി വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പിതാവിനെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
കാളികാവ് എസ്.ഐ ശശിധരൻ വിളയിലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പിതാവിനേയും ഭർത്താവിനേയും റിമാൻഡ് ചെയ്തു.