കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ വികസന പ്രവൃത്തികൾക്കായി പാലക്കുടത്ത് മുഹമ്മദ് ഹാജി സ്മാരകറോഡ് അടച്ച് ചുറ്റുമതിൽ നിർമ്മിക്കുന്നതിനു മുൻപായി കരിപ്പൂർ പിലാത്തോട്ടം മേഖലയിൽ സൗകര്യപ്രദമായ ബദൽറോഡ് ഒരുക്കണമെന്ന നാട്ടുകാരുടെആവശ്യം ശക്തമാകുന്നു. 
പൊലീസിന്റെ സാന്നിദ്ധ്യത്തിൽ, വിമാനത്താവളത്തിനു വിട്ടു നൽകിയ ഭൂമിയിലൂടെയുള്ള പിലാത്തോട്ടത്തെ റോഡിനു കുറുകെ മതിൽ നിർമ്മിക്കാനുള്ള നീക്കം ശനിയാഴ്ച നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള പ്രത്യേക തഹസിൽദാർ പി.എം. മായയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് തിങ്കളാഴ്ച നാട്ടുകാരുമായും വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക്ശേഷം ജില്ല കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
 സർക്കാർ ഏറ്റെടുത്ത ഭൂമി ലഭ്യമായിട്ടും നിർമ്മാണ പ്രവൃത്തികൾ പൂർണ്ണതോതിൽ നടത്താനാകാത്ത പ്രയാസം വിമാനത്താവള അതോറിറ്റി പ്രതിനിധികൾ  സംഘത്തെ അറിയിച്ചു. 
ബദൽപാത അനിവാര്യം
പാലക്കുടത്ത് മുഹമ്മദ് ഹാജി സ്മാരകറോഡ് അടയ്ക്കുന്നതോടെ പിലാത്തോട്ടംമേഖലയിലെ 20 കുടുംബങ്ങൾക്കും പാലക്കാപ്പറമ്പ് അംഗൻവാടിക്കും വഴി നഷ്ടമാകുമെന്ന് നാട്ടുകാർ സംഘത്തെ ധരിപ്പിച്ചു.
 ബദൽ പാത നിർമ്മിക്കാതെ നിലവിലെറോഡ് അടക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രദേശവാസികൾ.
വിഷയത്തിൽ കൃത്യമായ രീതിയിലുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. ജനങ്ങളുടെ പ്രയാസങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരത്തിന് നടപടികളാരംഭിക്കും
പി.എം. മായ ,സ്പെഷൽ തഹസിൽദാർ