
മലപ്പുറം: ജില്ലയുടെ ടൂറിസം പ്രവർത്തനങ്ങൾക്ക് നേതൃത്വമേകേണ്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുടെ കാലാവധി കഴിഞ്ഞിട്ടും പുതിയ നിയമനം നടത്താതെ സർക്കാർ. നവംബർ 19ന് നിലവിലുള്ള സെക്രട്ടറിയുടെ കാലാവധി പൂർത്തിയായെങ്കിലും ഡി.ടി.പി.സിയുടെ പ്രവർത്തനം അവതാളത്തിലായതോടെ ഈ മാസം ആറിന് താത്ക്കാലികമായി നിയമനം നീട്ടി നൽകുകയായിരുന്നു. മൂന്ന് വർഷത്തേക്കാണ് നിയമന ഉത്തരവ് നൽകിയിരുന്നത്. പ്രവർത്തന മികവ് പരിഗണിച്ച് നിയമനം നീട്ടി നൽകുമെന്നായിരുന്നു ടൂറിസം വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിയമനം നീട്ടി നൽകുകയോ പിരിച്ചുവിട്ടതായി അറിയിക്കുകയോ ചെയ്തില്ല. പിരിച്ചുവിടണമെങ്കിൽ രണ്ട് മാസം മുമ്പ് നോട്ടീസ് നൽകണം. ഇതോടെ സെക്രട്ടറിമാർ ചുമതലയിൽ തുടർന്നതോടെ ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തി. ഇതോടെ ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ, സെക്രട്ടറിയോട് താത്ക്കാലികമായി മാറി നിൽക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പദ്ധതികളുടെ പുരോഗതി ഉൾപ്പെടെ വിലയിരുത്തുകയും ചെയ്യേണ്ട സെക്രട്ടറി തസ്തികയിൽ ആളില്ലാതെ വന്നത് തിരിച്ചടിയായതോടെയാണ് നിയമനം നീട്ടി നൽകിയുള്ള സർക്കാരിന്റെ ഉത്തരവിറങ്ങിയത്. പുതിയ നിയമനം നടത്തുന്നത് വരെയുള്ള കാലയളവിലേക്ക് എന്ന് മാത്രം സൂചിപ്പിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. സ്ഥിരം സെക്രട്ടറി ഇല്ലെങ്കിൽ പല പദ്ധതികളുടെയും ടെൻഡർ നടപടികൾ വൈകും. അവധിക്കാലം മുന്നിൽ കണ്ട് വിനോദ സഞ്ചാരികളെ വരവേൽക്കാൻ പ്രത്യേക ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
നിയമനം വൈകും
നേരത്തെ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലാണ് ഡി.ടി.പി.സി സെക്രട്ടറിമാരെ നിയമിച്ചിരുന്നത്. പിന്നീട് ടൂറിസം കോഴ്സ് പഠിച്ച് ഈ രംഗത്ത് ഏഴ് വർഷത്തെ പരിചയവുമുള്ളവരെ നിയമിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു. ഡി.ടി.പി.സി സെക്രട്ടറി നിയമനത്തിന് പ്രത്യേക പരീക്ഷയും കൂടിക്കാഴ്ചയും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തിയത്. 60,000 രൂപയാണ് പ്രതിമാസ ശമ്പളം. പുതിയ പരീക്ഷ നടത്തി നിയമനം നടത്തുമ്പോഴേക്കും ഇനിയും വൈകും.