കോട്ടക്കൽ: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക പിറന്നാൾ സദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 13നാണ് ഈ വർഷത്തെ തൃക്കാർത്തിക. അന്ന് പുലർച്ചെ മൂന്നുമുതൽ ക്ഷേത്രത്തിൽ തൃക്കാർത്തിക ദീപം തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനസൗകര്യമുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മുട്ടറുക്കൽ ഉച്ചയ്ക്ക് രണ്ടു മുതലേ ആരംഭിക്കൂ. രാവിലെ 10 മുതൽ ദേവസ്വം ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പിറന്നാൾ സദ്യ ആരംഭിക്കും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാവും സദ്യ. കഴിഞ്ഞ വർഷത്തെ വലിയ തിരക്ക് കണക്കിലെടുത്ത്, ഭക്തജനങ്ങൾക്ക് കൂടുതൽ സമയം വരി നിന്ന് പ്രയാസമുണ്ടാക്കാത്ത രീതിയിലാണ് ഇത്തവണ ക്രമീകരണം. 18,000 പേരാണ് കഴിഞ്ഞ തവണ പിറന്നാൾ സദ്യയിൽ പങ്കെടുത്തത്. രാവിലെ പത്തിനാരംഭിച്ച സദ്യ വൈകിട്ട് നാലരയോടെയാണ് തീർന്നത്. ഇത്തവണ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ. അതിനാലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.