
വണ്ടൂർ : പോക്‌സോ കേസിൽ അറസ്റ്റിലായിരുന്ന യു.പി സ്കൂൾ അദ്ധ്യാപകൻ, കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് വീണ്ടും ജോലിക്ക് പ്രവേശിച്ചതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും. ഡി.ഡി.ഇയുടെ ഉത്തരവുമായാണ് അദ്ധ്യാപകൻ സ്‌കൂളിൽ ജോലിയിൽ പ്രവേശിക്കാനെത്തിയിരുന്നത്. പ്രതിഷേധം തുടർന്നതോടെ വണ്ടൂർ പൊലീസും സ്ഥലത്തെത്തി. തുടർന്ന് മാനേജ്‌മെന്റ്, പി.ടി.എ, എം.ടി.എ പ്രതിനിധികൾ, പ്രധാനാദ്ധ്യാപകൻ തുടങ്ങിയവർ ചർച്ച നടത്തി പി.ടി.എ ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. ജനറൽ ബോഡി യോഗത്തിൽ വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തും. അതുവരെ അദ്ധ്യാപകനെ മാറ്റി നിറുത്തും. തീരുമാനമുണ്ടാകുന്നത് വരെ അവധിയിൽ പ്രവേശിക്കാനാണ് അദ്ധ്യാപകന്റെയും തീരുമാനമെന്നാണ് വിവരം.