പൊന്നാനി : എട്ടുമാസത്തെ ക്ഷമയോടെയുള്ള നീരീക്ഷണത്തിനൊടുവിലാണ് പൊന്നാനിയിൽ 350 പവൻ സ്വർണം കവർന്ന കേസിൽ പ്രതികളെ പൊലീസ് പിടികൂടിയത്. മുഖ്യപ്രതി സുഹൈൽ ആയിരുന്നു പൊലീസിന്റെ സംശയദൃഷ്ടിയിലുണ്ടായിരുന്നത്. ഇയാളെ ചോദ്യംചെയ്തിരുന്നെങ്കിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും ഇയാളെ നിരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചു. ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ പ്രതികൾ മോഷണമുതലിൽ ഒരു കിലോ വിറ്റ് പണം ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് പൊലീസ് പിടിമുറുക്കിയത്. വലിയൊരു തുക ബാങ്ക് അക്കൗണ്ട് വഴി സുഹൈൽ ഇടപാട് നടത്തിയതും പുതുതായി രണ്ട് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയതും പൊലീസിന്റെ സംശയം ഇരട്ടിപ്പിച്ചു. സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് കൂട്ടുപ്രതികളായ പൊന്നാനി സ്വദേശി അബ്ദുൽ നാസറിലേക്കും പാലക്കാട് സ്വദേശി മനോജിലേക്കും എത്തിച്ചത്. നിരവധി മോഷണ കേസുകളിൽ പ്രതികളാണ് മൂവരും. സുഹൈൽ മോഷണം നടന്ന വീടിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ താമസിച്ചാണ് പ്ലാനിംഗ് നടത്തിയിരുന്നത്. ഇവിടെ ആളുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു മോഷണം. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മലപ്പുറം എസ്. പി. നൽകുന്ന വിശദീകരണം. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളിൽ നിന്നും ഏകദേശം 1100ഗ്രാമോളം സ്വർണം കണ്ടെടുക്കാൻ സാധിച്ചു