
ആലപ്പുഴയിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ റോഡിൽ പൊലിഞ്ഞതിന്റെ ഞെട്ടൽ മാറും മുമ്പാണ് വ്യാഴാഴ്‌ച പാലക്കാട് പനയംപാടത്ത് ദേശീയപാതയിൽ നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ സംഭവമുണ്ടായത്. ഓരോ വാഹനാപകടം നടക്കുമ്പോഴും റോഡ് നിർമ്മാണത്തിലെ പാളിച്ചകളും വാഹനത്തിന്റെ പഴക്കവും അമിതഭാരവും ഉൾപ്പെടെ കാരണങ്ങളായി ഉയർത്തി നടപടികൾ സ്വീകരിക്കുമ്പോഴും നിയമങ്ങൾ ശക്തമാണെന്ന് പറയുമ്പോഴും വാഹനാപകടങ്ങളിൽ കുറവില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ വർഷം ഒക്‌ടോബർ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 40,821 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 3,168 പേർ റോഡപകടങ്ങളിൽ മരണപ്പെടുകയും 45,657 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023ലെ കണക്ക് പ്രകാരം 48,091 റോഡപകടങ്ങളിലായി 4,080 പേർ മരണപ്പെടുകയും 54,320 പേർക്ക് പരിക്കേറ്റിരുന്നു.
വാഹനങ്ങളുടെ എണ്ണത്തിലെ വർദ്ധനയും അമിതവേഗവും കേരളത്തിൽ റോഡപകടങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ സുരക്ഷയ്ക്കായുള്ള പല നിർദ്ദേശങ്ങളും കാറ്റിൽ പറത്തുകയാണ് പതിവ്. ഓരോ വർഷവും 1.35 ദശലക്ഷം ട്രാഫിക്ക് മരണങ്ങളാണ് ആഗോളതലത്തിൽ സംഭവിക്കുന്നതെന്നാണ് ലോകരോഗ്യ സംഘടന പറയുന്നത്.
ഇരുചക്ര ദുരന്തം
റോഡപകടങ്ങളിൽ രാജ്യത്ത് ഒരുദിവസം ഏകദേശം 426 പേരാണ് മരിക്കുന്നതെന്നും 100 റോഡപകടങ്ങൾ നടക്കുമ്പോൾ അതിൽ 44 എണ്ണവും ഇരുചക്ര വാഹന യാത്രക്കാർക്കാണ് സംഭവിക്കുന്നതെന്നുമാണ് നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാൽ 18-35 വയസിനിടയിലുള്ളവരാണ് 85 ശതമാനവും മരണപ്പെടുന്നത്. ഇതിൽത്തന്നെ 70 ശതമാനവും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരാണ് അപകടത്തിൽപ്പെടുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ കണക്കനുസരിച്ച് ആകെ 1.66 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്ര വാഹനങ്ങളാണ്. എ.ഐ ക്യാമറകളുടെ വരവോടെ ഹെൽമെറ്റ് ധരിക്കുന്നരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ കൂടുതലും വലിയ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. അമിത വേഗം, മദ്യപിച്ച് വണ്ടിയോടിക്കുക, തെറ്റായ ദിശയിൽ ഡ്രൈവ് ചെയ്യുക, ഡ്രൈവർമാരുടെ അശ്രദ്ധ, റോഡിന്റെ ശോചനീയാവസ്ഥ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
വാഹനപ്പെരുപ്പം അപകടത്തിലേക്ക്
ഉൾക്കൊള്ളാൻ സാധിക്കുന്നതിലധികം വാഹനങ്ങളാണ് ഇന്ന് പൊതുനിരത്തിലൂടെ ഓടുന്നത്. ഇതിന് മുഖ്യകാരണം കൊവിഡ് മഹാമാരിയുടെ വരവോടെ ജനങ്ങൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ വിമുഖത കാണിച്ചതാണ്. ഇന്ന് ഒരു വീട്ടിൽത്തന്നെ ഒന്നിലധികം വാഹനങ്ങളുള്ള സാഹചര്യമായി. വാഹനങ്ങളൊന്നാകെ നിരത്തിലിറങ്ങുമ്പോൾ അപകടസാദ്ധ്യതയും വർദ്ധിച്ചു വരുന്നു.
അപകടത്തെ ക്ഷണിക്കരുത്
രൂപമാറ്റം വരുത്തി വാഹനങ്ങൾ നിരത്തിലിറക്കുന്നതും ജില്ലയിൽ കൂടുതലാണ്. സൈലൻസർ അഴിച്ചുമാറ്റി വലിയ ശബ്ദമുള്ളവ ഘടിപ്പിക്കുക, ബൈക്കിലെ രണ്ട് മിററുകളും അഴിച്ച് മാറ്റുക, ടയറുകളും ഫ്യുവലുകളും മാറ്റുക തുടങ്ങിയവയെല്ലാം നിത്യകാഴ്ചയാണ്. ഇതെല്ലാം നിയമ ലംഘനങ്ങളും അപകടത്തിലേക്ക് നയിക്കാവുന്നവയുമാണ്.
ബോധവത്ക്കരണത്തിലൂടെ മാത്രമേ റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സംസ്‌കാരത്തെ സംബന്ധിച്ചും കൃത്യമായ അവബോധം വളർത്തിയെടുക്കാൻ സാധിക്കൂ. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, സ്‌കൂൾ ബസ് ഡ്രൈവർമാർ, പ്രൈവറ്റ് ബസ് ഡ്രൈവർമാർ എന്നിവർക്ക് ബോധവത്ക്കരണ ക്ലാസുകൾ കൃത്യതയോടെ നൽകേണ്ടത് ഏറ്റവും പ്രധാനമാണ്.
ഒരു സ്‌കൂൾ ബസ് ഡ്രൈവർക്ക് പരിശീലനം നൽകുന്നത് 100 കുട്ടികൾക്ക് നൽകുന്നതിന് തുല്ല്യമാണ്. കുട്ടികളിൽ മികച്ച റോഡ് സംസ്‌കാരം വളർത്തിയെടുക്കാൻ കഴിയുന്നത് സ്‌കൂൾ ബസ് ഡ്രൈവർമാരിലൂടെയാണ്. അവരുടെ ഓരോ ഡ്രൈവിംഗ് ശൈലികളും കുട്ടികളുടെ ഇളം മനസിൽ ആഴത്തിൽ സ്പർശിക്കും. ഉദാഹരണത്തിന്, സീബ്രാ ലൈനിൽ ഡ്രൈവർ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനായി നിറുത്തിക്കൊടുത്താൽ കുട്ടികൾക്കും അതേക്കുറിച്ച് മനസിലാകും. അതുപോലെ, നിയമം പാലിക്കാതിരുന്നാൽ അതാണ് ശരിയെന്ന ധാരണ അവരിൽ രൂപപ്പെടും.
വാഹനം ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുക എന്നതിനപ്പുറത്തേക്ക് റോഡ് നിയമങ്ങളെക്കുറിച്ചും റോഡിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഭൂരിഭാഗം പേരും ബോധവാന്മാരല്ല. വാഹനം ഓടിക്കുന്നവർ മാത്രമല്ല, കാൽനടയാത്രക്കാരും പാലിക്കേണ്ട മര്യാദകളുണ്ട്. ഉദാഹരണത്തിന്, റോഡിന്റെ ഏത് വശം ചേർന്ന് നടക്കണമെന്നു പോലും പലർക്കും അറിയില്ല. തിരക്കേറിയ കവലകളിലും റെയിൽ ക്രോസിങ്ങുകളിലും ഇടുങ്ങിയ റോഡുകളിലും നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിക്കുന്ന മോശം സംസ്‌കാരമാണ് പലർക്കിടയിലും ഉള്ളത്.
ഒരോ ജീവനും അമൂല്യം
റോഡുകളുടെ ശോചനീയാവസ്ഥയും അപകടങ്ങളുടെ പ്രധാന കാരണമാണ്. നിലവിലെ റോഡുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തിയാൽ തന്നെ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാം. ഗതാഗതനിയമങ്ങൾ തെറ്റിക്കുമ്പോൾ പിഴ ചുമത്തുന്നതിലൂടെ മാത്രം നല്ല റോഡ് സംസ്‌കാരം വളർത്തിയെടുക്കാൻ സാധിക്കില്ല. ട്രാഫിക് ബോധവത്ക്കരണ ക്ലാസുകൾ വിദ്യാലയങ്ങളിൽ നിന്നും പഠിപ്പിച്ച് കൊടുക്കേണ്ടിയിരിക്കുന്നു. ഇത്തരം പരിഷ്‌ക്കരണങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രൂപപ്പെടുത്തി എടുക്കേണ്ടത്.
വികസിത രാജ്യങ്ങളിലെ റോഡ് മര്യാദകൾ കണ്ട് നാം അത്ഭുതപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരം റോഡ് മര്യാദകൾ നമ്മുടെ നാട്ടിൽ പ്രാവർത്തികമാകാത്തതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ല ഗതാഗത സംസ്‌കാരം നമ്മളിൽ നിന്ന് തന്നെ തുടങ്ങണം. നാം കാരണം ആരുടെയും ജീവൻ നിരത്തിൽ പൊലിയരുതെന്ന ഉറച്ച തീരുമാനം എല്ലാവരിലുമുണ്ടാകണം. എല്ലാവർക്കും ഉപയോഗിക്കാനാണ് റോഡ് എന്ന വസ്തുത എപ്പോഴും മനസിലുണ്ടാവണം. ഒരോ ജീവനും അമൂല്യമാണ്. ഒരു നേരത്തെ അശ്രദ്ധ കൊണ്ട് അത് ഇല്ലാതാക്കരുത്.