മലപ്പുറം: വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ച ഇൻഷ്വറൻസ് കമ്പനി, പോളിസി പ്രകാരമുള്ള അഞ്ചുലക്ഷവും നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. കോടതിച്ചെലവായി 10,000 രൂപയും നൽകണം. ഒരു മാസത്തിനകം ഇവ നൽകാൻ കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിട്ടു. മഞ്ചേരി വലിയട്ടി പറമ്പ് സ്വദേശി ചുണ്ടയിൽ വിവേക് സമർപ്പിച്ച പരാതിയിലാണ് വിധി.
2022ലാണ് പരാതിക്കാരൻ റിട്ടയർ ചെയ്തത്. ഡൽഹിയിൽ സൈനിക വിദ്യാലയത്തിൽ എൽ.കെ.ജിയിൽ പഠിക്കുന്ന കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു വർഷം കൂടി സൈനിക ക്വാർട്ടേഴ്സിൽ താമസിക്കാൻ അനുമതി വാങ്ങി. അതിനിടെയാണ് കെയർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയുടെ ആരോഗ്യ പോളിസി എടുത്തത്.
രാജ്യത്തുടനീളം പ്രധാന ആശുപത്രികളിൽ ചികിത്സാ സൗകര്യം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 2023 ഫെബ്രുവരി 25ന് ക്വാർട്ടേഴ്സിൽ പ്ലാസ്റ്റിക് കസേരയിൽ നിന്ന് വീണ് വലത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സാച്ചെലവായി 5,72,308 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചെങ്കിലും നിഷേധിച്ചു. ഇൻഷ്വറൻസ് പോളിസിയിലെ മേൽവിലാസവും അപേക്ഷയിലെ വിലാസവും വ്യത്യസ്തമാണെന്നും ഡൽഹിയിലെ വിലാസത്തിൽ പോളിസി എടുക്കുമ്പോൾ കൂടുതൽ പ്രീമിയം നൽകണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ, അപേക്ഷയിലെ വിവരങ്ങളിൽ അപാകതയില്ലെന്നും ഡൽഹിയിൽ താത്കാലികമായി താമസിക്കുന്ന അപേക്ഷകൻ നാട്ടിലെ സ്ഥിര മേൽവിലാസം നൽകി പോളിസി എടുത്തത് ആനുകൂല്യം നിഷേധിക്കാൻ കാരണമല്ലെന്നും ഉപഭോക്തൃ കമ്മിഷൻ വ്യക്തമാക്കി.