
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലയിലെ ബഡ്സ്, ബി.ആർ.സി ജില്ലാ കായികമേള 17ന് വേങ്ങരയിലെ സബാഹ് സ്‌ക്വയറിൽ നടക്കും. 'ബഡ്സ് ഒളിമ്പിയ 24' എന്ന പേരിലാണ് മേള നടക്കുക. രാവിലെ ഒൻപതിന് മന്ത്രി വി.അബ്ദുറഹിമാൻ മേള ഉദ്ഘാടനം ചെയ്യും. വേങ്ങര എം.എൽ.എ പി.കെ.കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനാവും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 15 ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തും. 50 മീറ്റർ, 100 മീറ്റർ ഓട്ടം, സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ്, സോഫ്റ്റ് ബോൾ ത്രോ, ഷോട്ട്പുട്ട്, ലോംഗ് ജമ്പ്, 50 മീറ്റർ, 100 മീറ്റർ നടത്തം, വീൽചെയർ ഓട്ടം, റിലേ തുടങ്ങിയ ഇനങ്ങളും സ്‌കൂൾ അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റും മൽസര ഇനങ്ങളാണ്. വാർത്താസമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ ബി.സുരേഷ് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ കെ.എസ്.ഹസ്‌കർ, ബ്ലോക്ക് കോഓർഡിനേറ്റർമാരായ പി. ദീപ്തി, എ.പി.അബ്ദുൽ ഖയ്യൂം പങ്കെടുത്തു.