
കാളികാവ്: നാട്ടിലെങ്ങും മഞ്ഞപ്പിത്തം പടരുമ്പോഴും കുടിവെള്ളം സുരക്ഷിതമാണോ എന്നറിയാൻ ജില്ലയിൽ സർക്കാർ തലത്തിൽ ആകെയുള്ളത് ഒറ്റ ലാബ് മാത്രം. പരിശോധനാ ഫലം വരാൻ ദിവസങ്ങളോളം കാത്തിരിക്കുകയും വേണം. ജല പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കാനുള്ള അണുമുക്ത ബോട്ടിൽ പോലും ആരോഗ്യ വകുപ്പിനില്ല.ആവശ്യക്കാർബോട്ടിലും പരിശോധനാ ഫീസുമടക്കം 1300 രൂപ വഹിക്കണം.
ഓരോ കുടുംബത്തിന്റെയും കുടിവെള്ള സ്രോതസ്സിൽ മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടോ എന്നറിയാൻ നിലവിൽ യാതൊരു സംവിധാനവുമില്ല.
മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രവർത്തകർ എത്തി മുൻകരുതൽ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുമെന്നല്ലാതെ വ്യാപനം തടയുന്നതിനുള്ള ക്രിയാത്മക നടപടികൾക്കൊന്നും മുതിരാറില്ല.
കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിൽ ആറായിരത്തോളം മഞ്ഞപ്പിത്ത കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിനഞ്ചോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തട്ടുകടകൾ ,കൂൾബാറുകൾ ,ഹോട്ടലുകൾ,വിവാഹ സൽക്കാരങ്ങൾ എന്നിവയിലൂടെയാണ് പ്രധാനമായും രോഗത്തിന്റെ വ്യാപനമുണ്ടാകുന്നത്.ഒരു പ്രദേശത്ത്
രോഗം റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കുന്നത്.