s

കോട്ടക്കൽ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രവർത്തിക്കുകയും കുറഞ്ഞ കാലത്തിനകം സാമൂഹ്യ കാരുണ്യ മേഖലകളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത അബ്ബാസലിയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം വിവിധ മേഖലകളിൽ ശ്രദ്ധേയനായ ആസിം വെളിമെണ്ണക്ക് നൽകുന്നതിന് അബ്ബാസലി മെമ്മോറിയൽ ഫൗണ്ടേഷൻ തീരുമാനിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുരസ്‌ക്കാര പ്രഖ്യാപനം നടത്തി.
അബ്ബാസലി കരേക്കാടിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ചതാണ് പുരസ്‌കാരം. ഉൾച്ചേർക്കൽ വിദ്യാഭ്യാസവും ഉൾച്ചേർക്കൽ സ്‌പോർട്സും പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയവുമായി 'ആസിം വെളിമണ്ണ ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തിക്കുന്നു. എല്ലാവർക്കും പ്രചോദനമാകുക , മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്നതാണ് ഫൗണ്ടേഷൻ പ്രവർത്തന ലക്ഷ്യം. നെതർലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസിന്റെ അന്തിമ പട്ടികയിൽ ആസിം ഇടം നേടിയിരുന്നു. ആലുവ പെരിയാറിൽ നീന്തി 2022 ൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ,
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് റെക്കോർഡ്സ് യൂണിയൻ എന്നിവയിൽ ഇടം നേടി. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം , യൂണിസെഫ് ചൈൽഡ് അച്ചീവർ അവാർഡ് , കലാം ഫൗണ്ടേഷൻ ഇൻ സ്‌പൈയർ അവാർഡ് , ബെസ്റ്റ് പാരാ സ്വിമ്മർ അവാർഡ് , എന്നിവയും നേടിയിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പിന്റെ ഉദ്ഘാടനചടങ്ങിൽ ലോക ശ്രദ്ധ നേടിയ ഗാനിം അൽ മുഫ്തയുമായി വേൾഡ് കപ്പ് സമയത്ത് കൂടിക്കാഴ്ച നടത്തുകയും പ്രശസ്തരായ ഫുട്ബാൾ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ ഇറങ്ങുന്നതിനും അവസരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന പാരാ അത്ലറ്റിക്സിൽ പങ്കെടുത്ത് മെഡൽ നേടുകയും ദേശീയ പാരാലിംപിക്സിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു, തുടർച്ചയായ രണ്ട് വർഷങ്ങളിൽ ദേശീയ പാരാ സ്വിമ്മിംഗ് മത്സരത്തിൽ പങ്കെടുത്ത് ആറു സ്വർണ്ണ മെഡലുകൾ കേരളത്തിന് വേണ്ടി നേടിയിട്ടുണ്ട്.