
മലപ്പുറം: മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ട് സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ പ്രമേഹത്തിനുള്ള ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിതരണം വെട്ടിക്കുറച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് 20കോടി കുടിശികയായതോടെ 130ഓളം മരുന്നുകൾ വിതരണം ചെയ്തിരുന്നിടത്ത് 85 മരുന്നുകളായി ചുരുക്കി. നേരത്തെ മാസത്തിൽ ആറ് ഇൻസുലിൻ വരെ ലഭിച്ചവർക്ക് ഇന്ന് ഒന്നോ രണ്ടോ എണ്ണമാണ് ലഭിക്കുന്നത്.
കെ.എം.സി.എല്ലിന് കഴിഞ്ഞ വർഷം ഏഴ് കോടിയും ഈ വർഷം 13 കോടിയോളവും നൽകാനുണ്ട്. അടിയന്തരമായി അഞ്ചരക്കോടി അനുവദിക്കണമെന്ന് ആവശ്യം ധനവകുപ്പിന്റെ പരിഗണനയിലാണ്. ഫണ്ട് വൈകിയാൽ മരുന്നുകളുടെ എണ്ണവും കുറയും. 65 വയസ് പിന്നിട്ട മൂന്ന് ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. നിർദ്ധനരോഗികൾ മരുന്നുകൾ പണം നൽകി വാങ്ങേണ്ട സ്ഥിതിയിലാണ്. ജീവനക്കാരുടെ ശബളം മൂന്ന് മാസമായി മുടങ്ങിയിട്ടുണ്ട്. ഡോക്ടർ,നഴ്സ്,ജെ.പി.എച്ച്.എൻ,കോ-ഓർഡിനേറ്റർ എന്നിവരാണ് ഒരു വയോമിത്രം യൂണിറ്റിലുണ്ടാവുക. 104 യൂണിറ്റുകളിലായി ആകെ 416 ജീവനക്കാരുണ്ട്. വാഹന വാടക മുടങ്ങിയതോടെ വാർഡുകളിലെത്തിയുള്ള ക്യാമ്പുകൾ പലയിടങ്ങളിലും മുടങ്ങുന്നുണ്ട്.
വേണം കൂടുതൽ ഫണ്ട്
2010-11ൽ സംസ്ഥാനത്തെ 45 നഗരസഭ,കോർപ്പറേഷൻ പരിധികളിലായി ആരംഭിച്ച വയോമിത്രം പദ്ധതി നിലവിൽ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലടക്കം 104 തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. ഈ വർഷം 27.5കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. ഇതിൽ എട്ട് കോടി അനുവദിച്ചിട്ടുണ്ട്. ഒരുവർഷം ഒരു യൂണിറ്റിന് 35 ലക്ഷത്തോളമാണ് ചെലവ്. ഇങ്ങനെ ആകെ 37 കോടിയോളം ചെലവ് വരും. പ്ലാൻ ഫണ്ട് 50 ശതമാനം കട്ട് ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം വയോമിത്രത്തിലും നടപ്പിലാക്കിയാൽ പദ്ധതി സ്തംഭിക്കും.