കാളികാവ്: കാളികാവിൽ തെരുവുനായ ശല്യം രൂക്ഷം. പുറത്തിറങ്ങാൻ പേടിച്ച് ജനങ്ങൾ. തെരുവുകളിലും കുറ്റിക്കാടുകളിലും തമ്പടിക്കുന്ന തെരുവ് നായ്ക്കൾ കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. അതിരാവിലെ പുറത്തിറങ്ങുന്നവർക്കാണ് കടുത്ത ഭീഷണി. രാവിലെ മദ്രസകളിലും സ്‌കൂളിലും പോകുന്ന കുട്ടികൾക്കാണ് വലിയ ഭീഷണി. എട്ടും പത്തും എണ്ണമുള്ള കൂട്ടങ്ങളായാണ് ഇവയുടെ സഞ്ചാരം. നേരം ഇരുട്ടിയാൽ കോഴികൂടുകളും താറാവ് കൂടുകളും തകർത്ത് കോഴികളെ പിടിക്കുന്നത് നിത്യ സംഭവമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി തെരുവുനായ വന്ധ്യംകരണം നടക്കുന്നില്ല. ഇതാണ് ഇപ്പോഴത്തെ ക്രമാതീതമായ പെരുപ്പത്തിനു കാരണം.
തെരുവ് നായ്ക്കൾ കാരണം കാളികാവ് ജങ്ഷനിൽ രാവിലെയെത്താൻ ജനങ്ങൾക്കു ഭയമാണ്. ബസ് സ്റ്റാൻഡ് പരിസരത്താണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ അലഞ്ഞ് നടക്കുന്നത്. ഈ നായ്ക്കൾ പലപ്പോഴും കുട്ടികളെ ആക്രമിക്കാറുണ്ട്. ചെങ്കോട് അമ്പലക്കുന്ന് ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. കോഴിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ റോഡിന്റെ വശങ്ങളിൽ രാത്രി കാലങ്ങളിൽ ഇടുന്നതാണ് തെരുവ് നായ ശല്യം വർദ്ധിക്കാൻ ഇടയാക്കുന്നത്. തെരുവ് നായ്ക്കളുടെ പ്രജനന കാലമായതും നായ്ക്കളുടെ കൂട്ട സഞ്ചാരത്തിനു കാരണമാണ്. തെരുവ് നായയുടെ കടിയേറ്റാൽ തന്നെ യഥാസമയം റാബിസ് വാക്സിൻ ലഭിക്കാനില്ലാത്ത അവസ്ഥ അതലേറെ പ്രയാസമുണ്ടാക്കുന്നുണ്ട്.തെരുവ് നായ ശല്യം തരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.