accident-spot

മലപ്പുറം: സാധാരണയുള്ളതിനേക്കാൾ കട്ടിയേറിയ റമ്പിൾ സ്ട്രിപ്പുകൾ (സ്പീഡ് ബ്രേക്കർ)​ മലപ്പുറം മച്ചിങ്ങൽ മുതൽ മേൽമുറിവരെയുള്ള ഭാഗത്ത് സ്ഥിരമായി വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. റമ്പിൾ സ്ട്രിപ്പിൽ കയറുമ്പോൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു. സ്ട്രിപ്പ് ഒഴിവാക്കാനായി വാഹനങ്ങൾ റോഡിന് ഇരുവശവും ചേർന്ന് പോവുന്നത് കാൽനടക്കാർക്കും ഭീഷണിയാണ്. റമ്പിൾ സ്ട്രിപ്പുകളുടെ കട്ടി കുറയ്ക്കാതെ പരിഹാരമാവില്ലെന്നാണ് വിലയിരുത്തൽ.

ചാവക്കാട്-പൊന്നാനി തീരദേശ റോഡിൽ വേഗത നിയന്ത്രണ സംവിധാനങ്ങളോ തെരുവുവിളക്കുകളോ ഇല്ലാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു. ജൂണിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ്, പാലത്തിന്റെ കൈവരി നിർമ്മിക്കാൻ സ്ഥാപിച്ച കമ്പികൾ ശരീരത്തിൽ തുളച്ചുകയറി രണ്ട് യുവാക്കൾ മരിച്ചിരുന്നു. മഞ്ചേരി-അരീക്കോട് റോഡിലെ ചെട്ടിയങ്ങാടിയിൽ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം വാഹനങ്ങൾ തെന്നിമാറുന്നത് അപകടത്തിന് ഇടയാക്കുന്നു. സിഗ്നലുകൾ സ്ഥാപിച്ചിട്ടുമില്ല. കഴിഞ്ഞ ഡിസംബറിൽ ഈ ഭാഗത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചിരുന്നു.

കരിങ്കല്ലത്താണിയിൽ സീബ്രാലൈൻ, റമ്പിൾ സ്ട്രിപ്പ്, സൂചനാ ബോർഡുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. വലിയ വളവാണ് പ്രദേശത്തുള്ളത്. കഴിഞ്ഞ മാസം കാറും ബൈക്കും കൂട്ടിയിടിച്ച് ഇവിടെ അപകടമുണ്ടായി. ജനുവരിയിൽ വേഗതയിലെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ജീവൻ നഷ്ടമായിരുന്നു.