തിരൂരങ്ങാടി: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. മൂന്നിയൂർ ആലിൻചുവട് സ്വദേശികളായ വടക്കേപുറത്ത് ഇബ്രാഹീം ഖലീൽ(32), മണമ്മൽ വീട്ടിൽ മുഹമ്മദ് മഹ്‌ലൂഫ് (28), മൂന്നിയൂർ സലാമത്ത് നഗർ നെടിയോടിയിൽ മുഹമ്മദ് മുസമ്മിൽ(28) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊളപ്പുറത്ത് ഒരു വാഹനത്തിന്റെ ബാറ്ററി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.
കഴിഞ്ഞ മാസം 30ന് കൊളപ്പുറത്ത് നിന്നും കാറിന്റെ ബാറ്ററിയും ഈ മാസം 10ന് ആലിൻ ചുവട് എം.സാന്റ് യാർഡിൽ നിറുത്തിയിട്ടിയിരുന്ന ടിപ്പർ ലോറിയുടെ ബാറ്ററിയും മോഷണം പോയതിന് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചു വരികയായിരുന്നു. ബാറ്ററി മോഷ്ടിച്ച് കാറ് വാടകയ്ക്കെടുത്താണ് അത് വിൽക്കാൻ കൊണ്ട് പോകാറ്. കൊണ്ടോട്ടിയിലെയും വലിയപറമ്പിലെയും ആക്രികടകളിൽ കിലോഗ്രാമിന് നൂറ് രൂപ നിരക്കിലാണ് ഇവർ ബാറ്ററി വിൽപ്പന നടത്തിയിരുന്നതെന്ന് തിരൂരങ്ങാടി എസ്.എച്ച്.ഒ ബി. പ്രദീപ് കുമാർ പറഞ്ഞു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടിയിലെ ആക്രികടകളിൽ നടത്തിയ പരിശോധനയിൽ ചെറുതും വലുതുമായ 16 ബാറ്ററികൾ പൊലീസ് കണ്ടെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർ ബാറ്ററി മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. വേങ്ങര, പരപ്പനങ്ങാടി, തേഞ്ഞിപ്പലം, യൂണിവേഴ്സിറ്റി ഭാഗങ്ങളിലും ഇവർ മോഷണം നടത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി മഹ്ലൂഫിനെതിരെ എം.ഡി.എം.എ കൈവശം വച്ചതിന് കൽപറ്റ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.
ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആഡംബര ജീവിതത്തിന് വേണ്ടിയാണ് ഇവർ മോഷണം നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു. എസ്.എച്ച്.ഒ ബി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ വി. രാജു, എ.എസ്.ഐ കെ. മോഹനൻ, എസ്.സി.പി.ഒമാരായ വി. ജിഷോർ, യു.കെ. ഷൈജു, എൻ. ലക്ഷ്മണൻ, എം. അനിൽ, ടി.വി. മുരളി എന്നിവരും പങ്കാളികളായി.