
മഞ്ചേരി: പുല്ലാരയിൽ നിലമ്പൂർ വനം വിജിലൻസ് നടത്തിയ പരിശോധനയിൽ 235 കിലോ ചന്ദനം പിടിച്ചെടുത്തു. മഞ്ചേരി പുല്ലാര മേൽമുറിയിലെ വലിയകപറമ്പിൽ അലവിയുടെ വീട്ടിൽ നിന്നും വീടിന് സമീപത്തു നിന്നുമായാണ് 12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 235 കിലോ ചന്ദനം പിടിച്ചെടുത്തത്. വിൽപ്പനയ്ക്ക് തയാറാക്കി ചെത്തിമിനുക്കിയ ചന്ദനമുട്ടികളും ചെത്ത് പൂളുകളും വേരുകളുമാണ് പിടിച്ചെടുത്തത്. അലവിയുടെയും മകൻ ഷബീറിന്റെയും പേരിൽ കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
രഹസ്യ വിവരത്തെ തുടർന്ന് വനം വിജിലൻസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ 11.45 ഓടെ തുടങ്ങിയ പരിശോധന വൈകിട്ട് 4.30 ഓടെയാണ് സമാപിച്ചത്. അടുത്ത കാലത്ത് നടത്തിയ ഏറ്റവും വലിയ ചന്ദനവേട്ടകളിൽ ഒന്നാണിതെന്ന് വിജിലൻസ് നിലമ്പൂർ എസ്.എഫ്.ഒ. സി.കെ. വിനോദ് പറഞ്ഞു. തുടർ അന്വേഷണത്തിനായി തൊണ്ടിമുതൽ കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്ക് കൈമാറും.
റെയ്ഡിൽ നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ വി. വിജേഷ് കുമാർ, വനം റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി. രാജേഷ്, ബീറ്റ് ഓഫീസർ എൻ.പി. പ്രദീപ് കുമാർ, സി. അനിൽകുമാർ, പി.പി. രതീഷ് കുമാർ, എൻ. സത്യരാജ്, എടക്കോട് ബി.എഫ്.ഒ. ടി. ബൻസീറ, എടക്കോട് വനം സ്റ്റേഷൻ ഡ്രൈവർ എം. ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.