മലപ്പുറം: ക്രിസ്മസ്-പുതുവത്സരാഘോഷം അടുത്തിരിക്കെ വിപണിയിൽ ഭക്ഷ്യ വസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്താനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. നാല് സ്പെഷ്യൽ സ്ക്വാഡുകളായി 19 മുതൽ 24 വരെ ക്രിസ്മസിന് മുന്നോടിയായുള്ള പരിശോധന നടക്കും. 29, 30, 31 തീയതികളിൽ പുതുവർഷത്തിന് മുന്നോടിയായുള്ള പരിശോധനയും നടക്കും. ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ മായം കലർത്തിയ കേക്ക് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിപണിയിലെത്താനുള്ള സാദ്ധ്യത മുൻനിറുത്തിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധനയ്‌ക്കൊരുങ്ങുന്നത്.
പ്രധാനമായും കേക്ക്, വൈൻ നിർമ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ചാവും പരിശോധന. കൂടാതെ, ഹോം സ്‌റ്റേ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബേക്കറി യൂണിറ്റുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ചില്ലറ വിൽപ്പന ശാലകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും. എക്സൈസ് വകുപ്പുമായി ചേർന്ന് ബാറുകളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. സ്ഥാപനങ്ങളുടെ ശുചിത്വം, ജീവനക്കാരുടെ വ്യക്തി ശുചിത്വം എന്നിവയും പരിശോധിക്കും.
മായം കലർത്തിയെന്ന സംശയം തോന്നിയാൽ സാമ്പിളെടുത്ത് കോഴിക്കോട് ലാബിലേക്ക് പരിശോധനയ്ക്കയക്കും. പരിശോധനയിൽ ഇക്കാര്യം ഉറപ്പ് വരുത്തിയാൽ തുടർ നടപടികളിലേക്ക് കടക്കും. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമ പ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണ്.
ശിക്ഷ ഇങ്ങനെ
ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനികരമായവ കണ്ടെത്തിയാൽ ആറ് മാസം മുതൽ ജീവപരന്ത്യം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിൽ മൂന്ന് ലക്ഷം പിഴ അടയ്ക്കണം.
സുരക്ഷാ ലൈസൻസും രജിസ്ട്രേഷനുമില്ലാത്ത സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം പിഴയും ആറ് മാസം തടവുമാണ് ശിക്ഷ.
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ അഞ്ച് ലക്ഷമാണ് പിഴ.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഉപഭോക്താക്കൾ പായ്ക്കറ്റുകളിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങുമ്പോൾ കാലാവധി രേഖപ്പെടുത്തിയതും ലേബൽ വിവരങ്ങൾ ഉള്ളവയും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
സുജിത് പെരേര, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ