s

നിലമ്പൂർ: മമ്പാട് ഓടായിക്കൽ പാലക്കടവിലെ ആ ചായക്കടയ്ക്ക് മുന്നിൽ പ്രത്യേകിച്ച് പേരൊന്നും എഴുതിവച്ചിട്ടില്ല. പക്ഷേ, നാട്ടുകാർക്കത് ബാവാക്കാന്റെ ചായക്കടയാണ്. 1980ൽ, തന്റെ നാൽപ്പതുകളിൽ തിരുവനന്തപുരം ബീമാപള്ളിയിൽ നിന്ന് ഇവിടെയെത്തിയതാണ് ബാവ. ഇന്ന് തന്റെ 93-ാം വയസിലും നാടിന്റെ ബാവാക്കയായി ചായക്കട തുടരുന്നു. മലവാരത്തെ തോട്ടം തൊഴിലാളികൾക്കും പ്രകൃതിഭംഗി കാണാനെത്തുന്നവർക്കുമൊക്കെ അത്താണിയാണീ ചായക്കട. രാവിലെ
ആറേകാൽ മുതൽ എട്ടുമണിവരെ ബാവാക്കയും കടയും സജീവമാണ്. ചാലിയാർ പുഴയ്ക്കക്കരെയാണ് ചായക്കട സ്ഥിതി ചെയ്യുന്നത്. ഒറ്റയ്ക്കാണ് നടത്തിപ്പ്. പകൽ മുഴുവൻ കടയിലാവും. വെള്ളിയാഴ്ച മാത്രം രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് കട.

പുലർച്ചെ തന്നെ തൊഴിലാളികളും മറ്റുമായി കുറേപേർ എത്തും. പ്രഭാതഭക്ഷണം ഒരുക്കി ബാവാക്ക ഇവരെ കാത്തിരിക്കും. പത്രമെത്തുംമുൻപേ കടയിൽ നാട്ടുവാർത്തകളുടെ ചർച്ചയാണ്.

പണ്ടുകാലത്ത് ചാലിയാർ പുഴയിലൂടെ തോണി മാർഗമാണ് കടയിലേക്ക് സാധനങ്ങളെത്തിച്ചിരുന്നത്. പിന്നെ മുണ്ടംതോടും കടക്കണം. വർഷകാലത്ത് മലയോരത്തെ യാത്രാദുരിതവും ഏറെയായിരുന്നു. പാലക്കടവിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ വീട്. വനമേഖലയോടുചേർന്ന പ്രദേശമായതിനാൽ ചിലപ്പോഴൊക്കെ ആന ഇറങ്ങാറുണ്ടിവിടെ. രാത്രി കടയടച്ചു മടങ്ങാൻ നേരം ആനയെ കണ്ട സന്ദർഭങ്ങളുമുണ്ട്.

ഭാര്യയും 10 മക്കളുമുണ്ട്. അഞ്ച് ആൺമക്കളും അഞ്ച് പെൺമക്കളും. ഈ കട കൊണ്ടാണ് കുടുംബം പുലർത്തിയത്.

ഉപ്പാക്ക് ഇനിയൊന്നു വിശ്രമിച്ചുകൂടെ എന്ന് മക്കൾ ഇടയ്ക്കിടെ ചോദിക്കാറുണ്ട്. കടയിലെ ജോലിയാണ് തന്റെ വിശ്രമമെന്ന മറുപടിയാണ് ബാവാക്കയ്ക്കുള്ളത്.