vineeth

അരീക്കോട്: സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി)​ കമാൻഡോയുടെ ആത്മഹത്യയ്‌ക്ക് കാരണം മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് സൂചന. വയനാട് കൽപ്പറ്റ തെക്കുതറ ചെങ്ങഴിമ്മൽ ചന്ദ്രന്റെയും വത്സലയുടെയും മകൻ വിനീതാണ് (36)​ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കിയത്. മൂന്നുമാസം ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ അവധി ലഭിക്കാത്തതിൽ വിനീതിന് മനോവിഷമം ഉണ്ടായിരുന്നെന്നും സൂചനയുണ്ടായിരുന്നു.

'കൂടെ ജോലി ചെയ്യുന്നവർ പണി തന്നു" എന്ന് ബന്ധുവിനയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. തന്റെ സന്ദേശം പരിശീലന ചുമതലയുള്ള ഉദ്യോഗസ്ഥനെയും സഹപ്രവർത്തകരെയും കാണിക്കണമെന്നും വിനീത് ബന്ധുവിനോട് നിർദ്ദേശിച്ചിട്ടുണ്ട്. രാത്രി 8.59നാണ് മെസേജയച്ചത്. 8.46നയച്ച മെസേജ് വിനീത് ഡിലീറ്റ് ചെയ്തു.

ഞായറാഴ്ച രാത്രി ഒമ്പതിനാണ് അരീക്കോട്ടെ എം.എസ്.പി ക്യാമ്പിലെ ബാത്ത്‌റൂമിൽ വച്ച് വിനീത് സഹപ്രവർത്തകന്റെ എ.കെ. 47 തോക്കുപയോഗിച്ച് സ്വയം വെടിവച്ചത്. കഴുത്തിനും താടിയെല്ലിനോടും ചേർന്ന ഭാഗത്താണ് വെടിയേറ്റത്. ഉടൻ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാവോയിസ്റ്റ് വേട്ടയ്‌ക്കും തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾക്കുമായുള്ള എസ്.ഒ.ജിക്കു പരിശീലനം നൽകുന്ന കേന്ദ്രത്തിലാണ് സംഭവം. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മരണത്തിൽ ജു‌ഡീഷ്യൽ അന്വേഷണം വേണമെന്ന് ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. വിനീതിന്റെ ഭാര്യ അനുഗ്രഹ. നാലുവയസുകാരൻ കൗശിക് മകനാണ്.

 ഓട്ടത്തിൽ തോറ്റു, അവധി നിഷേധിച്ചു

2011 ഫെബ്രുവരി ഒമ്പതിന് സർവീസിൽ പ്രവേശിച്ച വിനീത് 2012 മുതലാണ് എസ്.ഒ.ജിയിൽ ചേർന്നത്. നവംബർ ആറിനാണ് റിഫ്രഷിംഗ് കോഴ്സിന്റെ ഭാഗമായാണ് ആരീക്കോട്ടെത്തിയത്. നവംബർ 25ന് നടന്ന പരിശീലന ഓട്ടത്തിൽ വിനീത് പരാജയപ്പെട്ടതോടെ മെമ്മോ ലഭിച്ചിരുന്നു. ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തത്. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒന്നിലധികം തവണ അവധി ചോദിച്ചെങ്കിലും ഒരുതവണയാണ് ലഭിച്ചത്. ഓട്ടത്തിൽ പരാജയപ്പെട്ടതിനാൽ അവധി നൽകിയില്ലെന്നാണ് വിവരം. വിനീതിനെക്കൊണ്ട് പുറം ജോലി ചെയ്യിച്ചെന്നും ആരോപണമുണ്ട്. ക്യാമ്പിൽ എത്തിയതിനു പിന്നാലെ പനിയും കഫക്കെട്ടും കാരണം അരീക്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്ന് എസ്.ഒ.ജി അസി. കമാൻഡന്റിന് (ട്രെയിനിംഗ്) നൽകിയ മറുപടിയിൽ വിനീത് പറഞ്ഞു. തനിക്ക് ഹെർണിയയെ തുടർന്ന് ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ക്യാമ്പിലെ ട്രെയിനിംഗിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ സ്ഥലത്ത് കഠിനമായ വേദനയും വീക്കവുമുണ്ടായി. വീട്ടുകാര്യങ്ങളും മകന്റെ ആരോഗ്യ പ്രശ്നങ്ങളും കാരണം മാനസികമായും ശാരീരികമായും തളർച്ചയിലായിരുന്നു. മാനസികസമ്മർദ്ദത്തിൽ പറ്റിയ തെറ്റിന് മാപ്പ് നൽകണമെന്നും തുടർനടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും മറുപടിയിൽ വിനീത് അപേക്ഷിച്ചിരുന്നു.