വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ ഒന്നാം ഘട്ട വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഷഹനാസ് നിർവ്വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ അദ്ധ്യക്ഷത വഹിച്ചു. ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് കോഴികളെ വീതം ഓരോ കുടുംബത്തിനും ലഭിക്കുന്നതിലൂടെ 1500 കുടുംബങ്ങൾക്കാണ് പദ്ധതി വഴി നേട്ടമുണ്ടാകുന്നത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കദീജ, വാർഡ് മെമ്പർ മാനുപ്പ, നിർവ്വഹണ ഉദ്യോഗസ്ഥ കെ.അഞ്ജിത എന്നിവർ സംബന്ധിച്ചു.