മലപ്പുറം: ചെറിയ മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ ജില്ലയിൽ 50 രൂപയുടെ അരലക്ഷം മുദ്രപത്രങ്ങൾ എത്തിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്ന് മഞ്ചേരിയിലെ സ്റ്റാമ്പ് ഡിപ്പോയിൽ എത്തിച്ച മുദ്രപത്രങ്ങൾ,​ വെണ്ടർമാർക്കുള്ള വിതരണം ഇന്നലത്തോടെ പൂർത്തിയായി. ഇതോടെ ചെറിയ മുദ്രപത്രങ്ങളുടെ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമാവും. 100, 200 രൂപയുടെ മുദ്രപത്രങ്ങൾ പലയിടത്തും ലഭ്യമല്ല. ഈ സാഹചര്യത്തിൽ 50 രൂപയുടെ മുദ്രപത്രങ്ങൾ വേഗത്തിൽ തീരാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

ഇ-സ്റ്റാംമ്പിംഗിലേക്ക് മാറുന്നതിന്റെ ഭാഗമായി ചെറിയ വിലയുടെ ഇ - മുദ്രപത്രങ്ങൾ വൈകാതെ എല്ലാ വെണ്ടർമാർക്കും ലഭ്യമാക്കുമെന്നാണ് ട്രഷറി വകുപ്പ് അധികൃതർ പറയുന്നത്. ചെറിയ മുദ്രപത്രങ്ങളുടെ ക്ഷാമം മൂലം 500, 1,000 രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങാൻ പലരും നിർബന്ധിതമാവുന്നുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങൾ, പാസ്‌പോർട്ട് ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങൾക്കും ചെറിയ വിലയുടെ മുദ്രപത്രങ്ങൾ നിർബന്ധമാണ്. ജനന, മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്‌ട്രേഷൻ, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, അഫിഡവിറ്റുകൾ, ബാങ്ക് വായ്പകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ചെറിയ വിലയുള്ള മുദ്രപത്രങ്ങളാണ് വേണ്ടത്. വീട്ടുവാടക, വസ്തു വിൽപ്പന, നോട്ടറി സാക്ഷ്യപ്പെടുത്തൽ എന്നിവയ്ക്ക് 200 രൂപ മൂല്യമുള്ള മുദ്രപത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് കിട്ടാതായതോടെ 500 രൂപയുടേയും പിന്നീട് 1,​000 രൂപയുടേയും ഉപയോഗിക്കാൻ ആളുകൾ നിർബന്ധിതരായി. ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്നത്. 1,000, 500 രൂപയുടെ മുദ്രപത്രങ്ങളാണ് വസ്തു രജിസ്‌ട്രേഷന് കൂടുതൽ ആവശ്യം വരുന്നത്. ഇവ ജില്ലയിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്.

ഇ -സ്റ്റാമ്പിംഗ് രക്ഷ

സംസ്ഥാനത്ത് ഇ - സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിന്റെ ഭാഗമായി 2021ന് ശേഷം മഹാരാഷ്ട്ര നാസിക്കിലെ സെക്യൂരിറ്റി പ്രസിന് മുദ്രപത്രങ്ങളുടെ അച്ചടി ഓർഡർ നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് മഞ്ചേരി സ്റ്റാമ്പ് ഡിപ്പോയിലേക്ക് മുദ്രപത്രം എത്തിക്കുന്നത്.

ഇവിടെ നിന്നാണ് ട്രഷറികൾക്കും സബ് ട്രഷറികളിലേക്കും എത്തിക്കുക.

പ്രശ്നം പരിഹരിക്കണമെങ്കിൽ പൂർണമായും ഇ- സ്റ്റാമ്പിംഗിലേക്ക് മാറണം. ഇതിനായി വെണ്ടർമാർക്ക് സർക്കാർ പരിശീലനം നൽകിയിട്ടുണ്ട്.

2025 ഏപ്രിലോട് കൂടി ഇ-സ്റ്റാംമ്പിംഗ് പൂർണ്ണമായും നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം.