കാളികാവ്: ക്രിസ്മസിനെ വരവേൽക്കാൻ മലയോര മേഖല സജ്ജം. നക്ഷത്രങ്ങളും പുൽക്കൂടും അലങ്കാര ബൾബും ക്രിസ്മസ് തൊപ്പിയും ക്രിസ്മസ് ട്രീയുമായി ക്രിസ്മസ് വിപണി സജീവമായി. ക്രൈസ്തവ ഭവനങ്ങളിലും കടകളിലും ബൾബുകളും നക്ഷത്രങ്ങളും നിറയുകയാണ്. നിയോൺ, സാന്താക്ലോസ് തുടങ്ങി വ്യത്യസ്തങ്ങളായ എൽ.ഇ.ഡി ലൈറ്റുകളും പേപ്പർ നക്ഷത്രങ്ങളും എത്തിയിട്ടുണ്ട്. പേപ്പർ നക്ഷത്രങ്ങൾ 20 രൂപ മുതൽ കിട്ടും.100 മുതൽ 2000 രൂപ വരെയാണ് എൽ.ഇ.ഡി നക്ഷത്രങ്ങളുടെ വില.

വലിപ്പത്തിനനുസരിച്ചാണ് പുൽക്കൂടിനും ക്രിസ്മസ് ട്രീയ്ക്കും വില. അഞ്ചടി വരെയുള്ള ക്രിസ്മസ് ട്രീയാണ് വിപണിയിലുള്ളത്. വർഷങ്ങളോളം കേടുവരാത്ത ചൂരൽ പുൽക്കൂടാണ് ട്രെൻഡ്.പുൽക്കൂടിൽ വയ്ക്കുന്ന സെറ്റിന് 200 രൂപ മുതലാണ് വില.

ക്രിസ്മസ് പപ്പയുടെ തൊപ്പിക്കും വസ്ത്രത്തിനും മുഖംമൂടിക്കും കുട്ടികളാണ് ആവശ്യക്കാരേറെയും. റബർ മുഖം മൂടിക്ക് 60 രൂപയും പ്ലാസ്റ്റിക് മുഖംമൂടിക്ക് 10 രൂപയുമാണ് വിലവരുന്നത്.ഇരുപതോളം തരത്തിലുള്ള വിവിധ കേക്കുകളും കടകളിൽ നിറഞ്ഞിട്ടുണ്ട്.ഡിസൈൻ മാറി മാറി കത്തുന്ന മിന്നൽ ലൈറ്റുകൾക്കും ആവശ്യക്കാർ കൂടുതലാണ്. ക്രിസ്മസ് കാർഡുകൾക്ക് ആവശ്യക്കാരെത്തിത്തുടങ്ങി. ക്രിസ്മസ് വിപണി ഉഷാറായി വരുന്നതായി വ്യാപാരികൾ പറയുന്നു.