
മങ്കട: വാഹനം നടുറോഡിൽ പൊടുന്നനെ നിറുത്തിയത് ചോദ്യം ചെയ്തതിന് മങ്കട വലമ്പൂരിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ചേരിയത്ത് ഷംസുദ്ദീന് (40) ആക്രമണത്തിൽ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.
വലമ്പൂരിൽ വച്ച് തന്റെ മുന്നിലുണ്ടായിരുന്ന സ്‌കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടത് ഷംസുദ്ദീൻ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഫോണിൽ പകർത്തിയ സ്‌കൂട്ടറിന്റെ ചിത്രം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഷംസുദ്ദീൻ വഴങ്ങിയില്ല. ഇതോടെ സ്‌കൂട്ടർ ഉടമ ഫോൺ ബലമായി പിടിച്ച് വാങ്ങി ലോക്ക് തുറക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും പ്രദേശവാസിയായ ഇയാൾ കൂടുതൽ ആളുകളെ സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. വടി, കമ്പിപ്പാര തുടങ്ങിയവ ഉപയോഗിച്ച് ഏഴോളം പേർ ഷംസുദ്ദീന്റെ തലയ്ക്കും കൈയിലും കണ്ണിലും മർദ്ദിച്ചു. നെഞ്ചിൽ ചവിട്ടുകയും ചെയ്തു. പരിക്കേറ്റ ഷംസുദ്ദീനെ ആശുപത്രിയിൽ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിറുത്തി. സംഭവം കണ്ട് എത്തിയവരോട് ഷംസുദ്ദീൻ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുകയാണെന്ന് അക്രമിസംഘം വിശ്വസിപ്പിച്ചു. വെള്ളം ചോദിച്ചെങ്കിലും ആരും കൊടുക്കാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ പറയുന്നു. ഒന്നര മണിക്കൂറോളം ഷംസുദ്ദീൻ വഴിയിൽ പരിക്കേറ്റ് കിടന്നു. തുടർന്ന്, തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് ലൊക്കേഷൻ അയച്ച് കൊടുത്തു. ഇവരെത്തിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷംസുദ്ദീന്റെ ഇടത് കൺപോളയ്ക്ക് സമീപം 10 തുന്നലുകളുണ്ട്. പ്രവാസിയായ ഇയാൾ അവധിയിൽ നാട്ടിൽ വന്നതാണ്. വീട് പണിക്കിടെ കൈവിരലിന് പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. ഭാര്യ എട്ട്മാസം ഗർഭിണിയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെല്ലാം ഒളിവിലാണെന്നും മങ്കട പൊലീസ് പറഞ്ഞു.